പുതുവര്‍ഷരാവില്‍ ബംഗളുരുവില്‍ സ്ത്രീകള്‍ കൂട്ടമായി അപമാനിക്കപ്പെട്ടു

ബംഗളുരു: പുതുവര്‍ഷരാവില്‍ ബംഗളുരുവില്‍ സ്ത്രീകള്‍ കൂട്ടമായി അപമാനിക്കപ്പെട്ടു. ബംഗളുരുവിലെ എംജി റോഡ്, ബ്രിഗ്രേഡ് റോഡ് എന്നിവിടങ്ങളില്‍ നടന്ന പുതുവര്‍ഷാഘോഷ പരിപാടിക്കിടെയാണ് സ്ത്രീകള്‍ക്കു പീഡനം നേരിട്ടത്. ആയിരക്കണക്കിന് ആളുകളാണ് പുതുവര്‍ഷം ആഘോഷിക്കുന്നതിനായി നഗരത്തിലെത്തിയത്. ബാംഗ്ലൂര്‍ മിറര്‍ പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍മാരാണ് സ്ത്രീകള്‍ അപമാനിക്കപ്പെടുന്നത് ചിത്രങ്ങള്‍ സഹിതം പുറത്തെത്തിച്ചത്.

അസഭ്യം പറഞ്ഞും സമ്മതമില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചും ജനക്കൂട്ടം സ്ത്രീകളെ അക്രമിച്ചു. 1500ല്‍ അധികം പോലീസുകാര്‍ സുരക്ഷയൊരുക്കുന്നതിനായി ഡ്യൂട്ടിയിലുള്ള അതേസമയമാണ് അക്രമങ്ങളുടെ പമ്പരയുണ്ടായതെന്നു ബാഗ്ലൂര്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പല സ്ത്രീകളും പോലീസ് ഉദ്യോഗസ്ഥരോടു സഹായം തേടുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. അക്രമികളില്‍നിന്നു സ്ത്രീകളെ സംരക്ഷിക്കുന്നതിനായി ആണ്‍സുഹൃത്തുക്കളും കുടുംബക്കാരും കഷ്ടപ്പെട്ടു.

ഒടുവില്‍ അക്രമികളെ പിരിച്ചുവിടുന്നതിനായി പോലീസിന് ലാത്തിച്ചാര്‍ജ് നടത്തേണ്ടിവന്നതായും റിപ്പോര്‍ട്ടുണ്ട്. ബാംഗ്ലൂര്‍ പോലീസിന് നിലവില്‍ സംഭവവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും മദ്യലഹരിയില്‍ പല പുരുഷന്‍മാരും സ്ത്രീകളോട് മോശമായി പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *