പുതിയ സ്വകാര്യതാനയം; വാട്‌സ്ആപ്പിന്റെ അപേക്ഷ തള്ളി കോടതി

പുതിയ സ്വകാര്യതാ നയത്തിൽ നടക്കുന്ന അന്വേഷണം അവസാനിപ്പിക്കണമെന്ന ഫേസ്ബുക്കിന്റെയും വാട്‌സ്ആപ്പിന്റെയും ആവശ്യം കോടതി തള്ളി. ഡൽഹി ഹൈക്കോടതിയുടേതാണ് വിധി. ആവശ്യം അനാവശ്യമാണെന്നും അന്വേഷണം തുടരുമെന്നും അപേക്ഷ പരിഗണിച്ച ജസ്റ്റിസ് നവീൻ ചൗള വ്യക്തമാക്കി. കഴിഞ്ഞ മാസം 24നാണ് കോംപിറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ(സിസിഐ) വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയങ്ങളെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. രണ്ടു മാസങ്ങൾക്കകം അന്വേഷണം പൂർത്തീകരിച്ച് റിപ്പോർട്ട് നൽകാനാണ് ഉത്തരവ്. ഇതിനെതിരെ അഭിഭാഷകനായ തേജസ് കരിയ മുഖാന്തിരമാണ് ഫേസ്ബുക്കും വാട്‌സ്ആപ്പും ഡൽഹി കോടതിയെ സമീപിച്ചത്. വാട്‌സ്ആപ്പിന്റെ സ്വകാര്യതാ നയവുമായി സംബന്ധിച്ച കേസ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളപ്പോൾ സിസിഐ ഇതേക്കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്നാണ് ഇവർ ആവശ്യപ്പെട്ടത്. സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയുടെയും ഡൽഹി ഹൈക്കോടതിയുടെയുമെല്ലാം പരിഗണനയിലുള്ള ഹരജികളിൽ തീരുമാനം വരുന്നതുവരെ കാക്കുന്നത് നല്ലതാണ്. എന്നാൽ അതുകൊണ്ട് അവരുടെ അന്വേഷണം ശരിയല്ലാതാകുന്നില്ലെന്നാണ് ജസ്റ്റിസ് നവീൻ ചൗള കേസ് പരിഗണിക്കവെ പറഞ്ഞത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *