പീഡനക്കേസില്‍ സ്വിസ് ഇസ്ലാമിക പണ്ഡിതന് 18 വർഷം ജയില്‍ ശിക്ഷ


പീഡനക്കേസില്‍ സ്വിസ് ഇസ്ലാമിക പണ്ഡിതന് 18 വർഷം ജയില്‍ ശിക്ഷ. ഇസ്ലാമിക പണ്ഡിതനായ താരിഖ് റമദാനാണ് കോടതി ശിക്ഷ വിധിച്ചത്.മൂന്ന് സ്ത്രീകളെ പീഡിപ്പിച്ച കേസിലാണ് കോടതി വിധി.ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ മുൻ പ്രഫസറായ താരിഖ് റമദാനെ, ബുധനാഴ്ച പാരീസ് ക്രിമിനല്‍ കോടതിയാണ് തടവിന് ശിക്ഷിച്ചത്. ഇയാള്‍ക്കെതിരെ സ്വിറ്റ്സർലൻഡിലും ഫ്രാൻസിലും നിരവധി പീഡന ആരോപണങ്ങള്‍ ഉയർന്നിരുന്നു.


2009 നും 2016 നും ഇടയിലാണ് ഇയാള്‍ മൂന്ന് സ്ത്രീകളെ പീഡനത്തിന് ഇരയാക്കിയത്. കേസില്‍ മാർച്ച്‌ രണ്ട് മുതല്‍ പാരീസില്‍ വിചാരണ നടക്കുകയായിരുന്നു. ഇയാള്‍ കോടതിയില്‍ നേരിട്ട് ഹാജരായിരുന്നില്ല.63 കാരനായ താരിഖ് റമദാനെ അറസ്റ്റ് ചെയ്യാൻ വാറണ്ട് പുറപ്പെടുവിച്ചതായി പ്രിസൈഡിംഗ് ജഡ്ജി കൊറിൻ ഗോയ്റ്റ്സ്മാൻ പറഞ്ഞു. ശിക്ഷാ കാലാവധി കഴിഞ്ഞതിന് ശേഷം ഫ്രാൻസില്‍ വീണ്ടും പ്രവേശിക്കുന്നത് കോടതി വിലക്കുകയും ചെയ്തു.


രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ജനീവയിലെ ഒരു ഹോട്ടലില്‍ വച്ച്‌ യുവതിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടതിനെതിരെ താരിഖ് റമദാൻ നല്‍കിയ അപ്പീല്‍ 2025 ല്‍ സ്വിറ്റ്സർലൻഡ് സുപ്രീംകോടതി തള്ളിയിരുന്നു.

കേസുകള്‍ പുറത്തുവരുന്നതിനുമുമ്പ്, ഇയാള്‍ ഓക്സ്ഫോർഡില്‍ സമകാലിക ഇസ്ലാമിക പ്രഫസറായിരുന്നു. ഖത്തറിലെയും മൊറോക്കോയിലെ സർവകലാശാലകളില്‍ വിസിറ്റിംഗ് പ്രഫസറുമായിരുന്നു.2017ല്‍ ഫ്രാൻസില്‍ “മീ ടൂ’ ആരോപണം ഉയർന്നതിന് പിന്നാലെ ഇയാള്‍ ജോലിയില്‍ നിന്നും നിർബന്ധിത അവധിയെടുത്തു.



Sharing is Caring