ആന്ധ്രാപ്രദേശിൽ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച്‌ തീപിടിച്ച് 12 മരണം


ആന്ധ്രാപ്രദേശിലെ മാർക്കപുരം ജില്ലയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ 12 പേർ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ സ്വകാര്യ ട്രാവല്‍സ് ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചതിനെത്തുടർന്ന് ബസിന് തീപിടിച്ചാണ് അപകടമുണ്ടായത്.മരിച്ചവരില്‍ പലരും ബസിനുള്ളില്‍ വെന്തുമരിക്കുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.


തെലങ്കാനയിലെ നിർമ്മലില്‍ നിന്ന് നെല്ലൂരിലേക്ക് പോവുകയായിരുന്ന ‘ഹരികൃഷ്ണ ട്രാവല്‍സി’ന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. പുലർച്ചെ ആറ് മണിയോടെയായിരുന്നു സംഭവം. ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച ഉടൻ തന്നെ ബസിന് തീപിടിക്കുകയായിരുന്നു. എട്ടുപേർ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ വെന്തുമരിച്ചതായി മാർക്കപുരം ഡിഎസ്പി നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു. രക്ഷപ്പെടുത്തിയ 20 ഓളം യാത്രക്കാരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.


പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ ആശങ്ക പ്രകടിപ്പിച്ചു.അപകടവാർത്തയില്‍ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു തീവ്രമായ ദുഃഖം രേഖപ്പെടുത്തി. യാത്രക്കാർ ബസിനുള്ളില്‍ വെന്തുമരിച്ച സംഭവം ഏറെ ഞെട്ടലുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നല്‍കി.

അപകടത്തെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഐടി മന്ത്രി നാരാ ലോകേഷും അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം സർക്കാർ എല്ലാവിധത്തിലും നിലകൊള്ളുമെന്നും പരിക്കേറ്റവർ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു



Sharing is Caring