പി വി അന്‍വര്‍ എം എല്‍ എ 50 ലക്ഷം തട്ടിയത് മറ്റൊരാളുടെ ക്രഷര്‍ കാട്ടി

കോഴിക്കോട്: വഞ്ചനാ കേസില്‍ പി.വി അന്‍വര്‍ എം.എല്‍.എ തട്ടിപ്പുകാട്ടിയതായി കര്‍ണാടക ബല്‍ത്തങ്ങാടിയില്‍ പോലീസിന്റെ സ്ഥിരീകരണം. കര്‍ണാടകയില്‍ ക്രഷര്‍ യൂണിറ്റില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പ്രവാസി മലയാളിയില്‍ നിന്നുമാണ് എം എല്‍ എ പണം തട്ടിയതെന്നാണ് കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് മഞ്ചേരി പോലീസ് കഴിഞ്ഞദിവസം കര്‍ണാടക ബല്‍ത്തങ്ങാടിയില്‍ എത്തിയിരുന്നു.

തുടര്‍ന്ന് ബല്‍ത്തങ്ങാടി പോലീസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അന്‍വറിന്റെ പേരില്‍ ബല്‍ത്തങ്ങാടിയില്‍ ക്രഷര്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നില്ലെന്ന് അറിയാന്‍ കഴിഞ്ഞത്. ബല്‍ത്തങ്ങാടിയില്‍ മറ്റൊരാളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കെ.ഇ. ക്രഷര്‍ എന്ന യൂണിറ്റ് കാട്ടി ഇത് തന്റേതാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പെന്നും അറിയാന്‍ കഴിഞ്ഞു. മാത്രമല്ല ക്രഷറിനോട് ചേര്‍ന്ന് 255 എക്കര്‍ ഭൂമിയുണ്ടെന്ന് കള്ളം പറഞ്ഞിരുന്നതായും അറിയാന്‍ കഴിഞ്ഞു.

പ്രവാസിയായ മലപ്പുറം സ്വദേശി സലീമില്‍ നിന്നുമാണ് മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള ക്രഷര്‍ യൂണിറ്റ് കാട്ടി അമ്ബതു ലക്ഷം രൂപ തട്ടിപ്പ് നടത്തിയത്. ക്രഷര്‍ യൂണിറ്റില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് അരക്കോടി രൂപ തട്ടിയെടുത്തു എന്നാണ് സലീം മഞ്ചേരി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 2012ലാണ് കേസിനാസ്പദമായ സംഭവമെന്നാണ് പറയുന്നത്. ആ സമയത്ത് അന്‍വറിന്റെ കൈയില്‍ ക്രഷര്‍ ഉണ്ടായിരുന്നില്ല. 2015ല്‍ മറ്റൊരു ക്രഷര്‍ എം.എല്‍.എ ഏറ്റെടുത്തിരുന്നതായും പറയുന്നുണ്ട്. എന്നാല്‍ ഇതിന്റെ പേര് കെ.ഇ എന്നായിരുന്നില്ല.

ചതിക്കപ്പെട്ടു എന്നു തിരിച്ചറിഞ്ഞതോടെ പണം തിരികെ കിട്ടാന്‍ സലീം സി പി എം നേതാക്കളുമായി ബന്ധപ്പെടുകയും ഇതുസംബന്ധിച്ച്‌ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ അവര്‍ ഇടപെട്ടിട്ടും പണം നല്‍കാന്‍ അന്‍വര്‍ തയ്യാറായില്ല. തുടര്‍ന്നാണ് സലീം പോലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ പരാതി സ്വീകരിക്കാന്‍ മഞ്ചേരി പോലീസ് ആദ്യം തയ്യാറായില്ല. പിന്നീട് കോടതി നിര്‍ദേശപ്രകാരമാണ് പോലീസ് കേസെടുത്ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *