പി.കെ.ശശി വിഷയം പാര്‍ട്ടി സെക്രട്ടറിയോട് ചോദിക്കണമെന്ന് ഇ.പി.ജയരാജന്‍; സര്‍ക്കാരല്ല പാര്‍ട്ടിയാണ് നടപടിയെടുക്കേണ്ടത്; സംസ്ഥാനത്ത് ആഘോഷപരിപാടികള്‍ ഒഴിവാക്കുമെന്നത് തത്വത്തില്‍ അംഗീകരിച്ചതാണെന്നും മന്ത്രി; കെപിഎംജിയെ അനുകൂലിച്ചും ഇ.പി

തിരുവനന്തപുരം: ഷൊർണൂർ എംഎൽഎ പി.കെ. ശശിയ്ക്കെതിരായ ലൈംഗിക അതിക്രമ പരാതിയിൽ സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതില്ലെന്ന് മന്ത്രി ഇ.പി.ജയരാജന്‍. സർക്കാരിന്റെ മുന്നിൽ ഇതുവരെ പ്രശ്നം വന്നിട്ടില്ല. പാർട്ടിയുടെ കാര്യം പാർട്ടി നോക്കും. ഇക്കാര്യം പാര്‍ട്ടി സെക്രട്ടറിയോട് പോയി ചോദിക്കണമെന്നും മന്ത്രി പറഞ്ഞു. ആഘോഷപരിപാടികള്‍ റദ്ദാക്കിയുള്ള ഉത്തരവില്‍ മാറ്റമില്ല. കേരളത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾക്കായി സർക്കാര്‍ കൈകോർക്കുന്ന രാജ്യാന്തര കൺസൾട്ടിങ് കമ്പനിയായ കെപിഎംജിയെ ഇ.പി അനുകൂലിച്ചു. പഠനറിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആരുടെയും ജാതകം നോക്കേണ്ടതില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍ മാറ്റിവെക്കാന്‍ തത്വത്തില്‍ തീരുമാനിച്ചതാണ്. ആ കാര്യത്തില്‍ അനാവശ്യ വിവാദത്തിലേക്ക് പോകുന്നത് ഈ സമയത്ത് ഉചിതമല്ല. സ്‌കൂള്‍ കലോത്സവം വേണ്ടെന്നുവെച്ച സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്കിന്റെ കാര്യം പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

കെ.പി.എം.ജി എന്ന കമ്പനി പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരുന്നത് സൗജന്യമായാണ്. അവരുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ നോക്കേണ്ടതില്ലെന്നും, കമ്പനിയേക്കുറിച്ചുയര്‍ന്ന ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മന്ത്രി പ്രതികരിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവ നല്‍കിയ കൂട്ടരാണ് അവരെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *