പി.കെ. ശശിക്കെതിരെ പരാതി നല്‍കിയ വനിതാ നേതാവിനെക്കൊണ്ട് മൊഴിമാറ്റിക്കാന്‍ ശ്രമം; പിന്നില്‍ അന്വേഷണക്കമ്മീഷന്‍ അംഗമായ മന്ത്രിയുടെ വകുപ്പിലെ ഉന്നതനെന്ന് ആരോപണം

ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരെ പരാതി നല്‍കിയ വനിതാ നേതാവിനെക്കൊണ്ട് മൊഴിമാറ്റിക്കാന്‍ അന്വേഷണക്കമ്മീഷന്‍ അംഗമായ മന്ത്രിയുടെ വകുപ്പിലെ ഉന്നതന്‍ ശ്രമിക്കുന്നതായി ആരോപണം. പൊതുസമൂഹത്തില്‍ എം.എല്‍.എ.യ്ക്ക് ഇപ്പോള്‍ത്തന്നെ വേണ്ട ശിക്ഷകിട്ടിയെന്നും അതുകൊണ്ട് പാര്‍ട്ടിതലത്തില്‍ കടുത്തനടപടി വേണ്ടാത്ത തലത്തിലേക്ക് മൊഴിയില്‍ ചില മാറ്റംവരുത്തണമെന്നുമാണ് ഇയാള്‍ യുവതിയോട് ആവശ്യപ്പെട്ടതെന്നാണ് വിവരം. എന്നാല്‍, ഇക്കാര്യം യുവതി അംഗീകരിച്ചില്ലെന്നാണ് സൂചന. അതിനിടെ, വിഷയത്തില്‍ നാലുപേരുടെ മൊഴി പാര്‍ട്ടി നിയോഗിച്ച അന്വേഷണക്കമ്മിഷന്‍ ഇന്ന് എടുക്കുമെന്ന് സൂചനയുണ്ട്.

15നാണ് ഉന്ന ഉദ്യോഗസ്ഥന്‍ യുവതിയെ കണ്ടത്. പാര്‍ട്ടിയില്‍ വിശ്വാസമാണെന്ന് പറഞ്ഞ് പൊലീസിലോ മറ്റെവിടെയുമോ പരാതിയുടെ ഉള്ളടക്കംപോലും നല്‍കാതെ ഉറച്ചുനില്‍ക്കയാണ് യുവതി. ഇതാണ് പാര്‍ട്ടിയെ കൂടുതല്‍ വെട്ടിലാക്കിയിരിക്കുന്നത്. ഇതേത്തുടര്‍ന്നാണ് ഉന്നത ഉദ്യോഗസ്ഥന്‍ ഒത്തുതീര്‍പ്പുശ്രമവുമായി യുവതിയെ കണ്ടത്.

ഡി.വൈ.എഫ്.ഐ. ജില്ലാകമ്മിറ്റിയംഗങ്ങളായ രണ്ടുപേരില്‍നിന്നും കാഞ്ഞിരപ്പുഴയിലെ രണ്ട് സി.പി.ഐ.എം. പ്രാദേശിക നേതാക്കളില്‍ നിന്നുമാണ് ഇന്ന് മൊഴിയെടുക്കുകയെന്ന് അറിയുന്നു. ഡി.വൈ.എഫ്.ഐ. നേതാക്കളെപ്പറ്റി യുവതി പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. അതുകൊണ്ടുതന്നെ പെണ്‍കുട്ടിയുടെ പരാതിക്ക് അനുകൂലമായ സാക്ഷിമൊഴികളാവും ഇവരില്‍നിന്നുണ്ടാകുക.

ഇപ്പോള്‍ ജില്ലാ സെക്രട്ടേറിയറ്റംഗമായ പി.കെ. ശശി എം.എല്‍.എ.യെ ഏരിയാതലത്തിലേക്ക് തരംതാഴ്ത്തി നടപടി ഒതുക്കിത്തീര്‍ക്കാനാണ് ഒരുവിഭാഗത്തിന്റെ ശ്രമം. എന്നാല്‍, സെപ്റ്റംബര്‍ 14ന് പരാതിക്കാരി അന്വേഷണക്കമ്മീഷന് മുമ്പാകെ കൊടുത്ത മൊഴി ശക്തമാണ്. ഈ മൊഴിയുമായി മുന്നോട്ടുപോയി അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ കടുത്തനടപടി എടുക്കേണ്ടിവരും.

ശശിക്കെതിരായി ആരോപണമുന്നയിച്ച വനിതാനേതാവിനെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് സി.പി.എം. അന്വേഷണക്കമ്മിഷന്‍ അംഗംകൂടിയായ മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ഇതേപ്പറ്റി ഒരറിവുമില്ല. ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *