ജാതിരാഷ്ട്രീയം വിലപ്പോകില്ലെന്ന് സച്ചിന്‍ ; ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍

അമിത് ഷായുടെ അംഗതന്‍ പരാമര്‍ശത്തിന് മറുപടിയുമായി സച്ചിന്‍ പൈലറ്റ് രംഗത്ത്. രാജസ്ഥാനിലെ ബിജെപി പുരാണ കഥാപാത്രം അംഗതന്റെ കാലുകള്‍ പോലെ ബലമുള്ളതാണെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. രാജസ്ഥാന്‍ പാപങ്ങളുടെ നഗരമല്ലെന്നു അതിനെ ലങ്കയോട് ഉപമിക്കേണ്ടതില്ലെന്നുമാണ് സച്ചിന്റെ മറുപടി.

രാജസ്ഥാന്‍ സാധുക്കളുടെയും സന്യാസിമാരുടെയും ഇടമാണ്. പ്രവൃത്തിയുടെ അടിസ്ഥാനത്തിലാണ് ഇവിടെ രാഷ്ട്രീയമെന്നും മതമല്ല മുഖ്യ വിഷയമെന്നും കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.

ബിജെപി മുഖ്യമന്ത്രി വസുന്ധര രാജ സിന്ധേയുടെ ഭരണത്തിന്‍ കീഴില്‍ സംസ്ഥാനം വലിയ ജാതി പ്രശ്‌നങ്ങള്‍ അനുഭവിക്കുകയാണെന്നും സച്ചിന്‍ കുറ്റപ്പെടുത്തി. എല്ലാ ജാതിയില്‍പ്പെട്ടവരെയും, മത വിശ്വാസികളെയും ഒരു പോലെ കാണാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അടുത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ജാതി രാഷ്ട്രീയം സംസ്ഥാനത്ത് നടപ്പാകില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാന്‍ ബിജെപിയില്‍ ചേരിതിരിവ് അതിശക്തമാണെന്നും മുഖ്യമന്ത്രിയും അമിത് ഷായും രണ്ട് ചേരിയായിട്ടാണ് ഇവിടെ പ്രവര്‍ത്തിക്കുന്നതെന്നും സച്ചിന്‍ പൈലറ്റ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഉള്‍പ്പോര് നിയന്ത്രിക്കാന്‍ ബിജെപി പെടാപ്പാട് പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒരുമയില്ലാത്തത് കോണ്‍ഗ്രസിനാണെന്ന് ബിജെപി ആരോപിച്ചിരുന്നു. റഫേല്‍ വിഷയമടക്കം ചര്‍ച്ചകളില്‍ സജീവമാക്കാനാണ്‌ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്.

എസ്.സി-എസ്.ടി നിയമഭേദഗതി ഇന്ത്യയിലെ ഹിന്ദുക്കളെ സംരക്ഷിക്കാനാണെന്ന പ്രസ്ഥാവനയുമായി ബിജെപി നേതാവ് ബാബു സിംഗ് രഘുവന്‍ഷിയും മുന്നോട്ട് വന്നിരുന്നു. മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി അംഗമാണ് ഇദ്ദേഹം. ഒരു വശത്തു കൂടി ജാതി- മത രാഷ്ട്രീയം സജീവമാക്കാന്‍ ശ്രമിക്കുമ്ബോള്‍ മറ്റൊരു വശത്ത് അതിനെ പ്രതിരോധിച്ച്‌ സെക്കുലര്‍ ഇമേജ് കാത്തു സൂക്ഷിക്കാന്‍ കോണ്‍ഗ്രസ് അടക്കം ശ്രമിക്കുന്നു.

രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ്, മിസോറാം, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ മാസങ്ങള്‍ക്കകം നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുകയാണ്. കടുത്ത മത്സരത്തിനായാണ് ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒരുങ്ങുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ജയത്തിനുള്ള സാധ്യതകള്‍ വിലയിരുത്തുന്ന രംഗമാകും ഈ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *