പിന്നോക്ക വിഭാഗങ്ങളെ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാനാകില്ല; മറാത്ത സംവരണക്കേസിലെ പുനപരിശോധന ഹര്‍ജി സുപ്രിംകോടതി തള്ളി

മറാത്ത സംവരണക്കേസില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി തള്ളി സുപ്രിംകോടതി. പിന്നോക്ക വിഭാഗങ്ങളെ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാനാകില്ലെന്ന സുപ്രധാന നിരീക്ഷണമാണ് കേസില്‍ സുപ്രിംകോടതി മുന്നോട്ടുവെച്ചത്. പിന്നോക്ക വിഭാഗങ്ങളെ തീരുമാനിച്ച് അവരുടെ സ്വന്തം പട്ടിക തയ്യാറാക്കാനുള്ള അധികാരം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹര്‍ജി. ജസ്റ്റിസ് അശോക് ഭൂഷന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നവരെ പ്രഖ്യാപിക്കാനുള്ള അധികാരം സംസ്ഥാനങ്ങളില്‍ നിന്നും എടുത്തുമാറ്റിയത് പുനപരിശോധിക്കാനാകില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി.

സംവരണ പരിധി ഒരു കാരണവശാലും അന്‍പത് ശതമാനം കവിയരുതെന്ന് കേസില്‍ സുപ്രിംകോടതി മുന്‍പ് തന്നെ പറഞ്ഞിരുന്നു. സംവരണപരിധിയായ അന്‍പത് ശതമാനത്തെ മറികടക്കാനുള്ള യാതൊരു സവിശേഷ സാഹചര്യവും ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നായിരുന്നു സുപ്രിംകോടതിയുടെ നീരീക്ഷണം. സംവരണ പരിധി അന്‍പത് ശതമാനമാണെന്ന 1992ലെ ഇന്ദിരാ സാഹ്നി വിധിയില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും കോടതി പറഞ്ഞിരുന്നു.

1992ലെ ഇന്ദ്ര സാഹ്നി കേസോടെയാണ് കോടതി സംവരണത്തിന് പരിധി നിശ്ചയിച്ചത്. ഈ വിധിപ്രകാരം 50 ശതമാനത്തിന് മുകളില്‍ സംവരണം അനുവദിച്ചാല്‍ അത് ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യാവകാശത്തിന്റെ ലംഘനമാകുമെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.ഭരണഘടനയിലെ 102-ാം ഭേദഗതി പ്രകാരം 2018 ല്‍ പിന്നോക്ക സംവരണത്തിനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിലേക്ക് മാറ്റിയിരുന്നു. അതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് പിന്നോക്ക സംവരണം നിശ്ചയിക്കാന്‍ കഴിയില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *