പാർലമെന്റ് ബജറ്റ് സമ്മേളനം തുടരവേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യസഭയില്‍ സംസാരിക്കും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൻ മേലുള്ള നന്ദിപ്രമേയ ചർച്ചയില്‍ വൈകുന്നേരം അഞ്ചിനാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന.ബുധനാഴ്ച ലോക്സഭയില്‍ ചർച്ചയില്‍ പങ്കെടുത്ത് മോദി സംസാരിക്കാനിരുന്നെങ്കിലും പ്രതിപക്ഷ പ്രതിഷേധം കാരണം പ്രസംഗം നടന്നില്ല. നന്ദി പ്രമേയ ചർച്ചയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് പ്രസംഗിക്കാൻ അവസരം നിഷേധിച്ചതിനാല്‍ പ്രധാനമന്ത്രിയെയും പ്രസംഗിക്കാൻ അനുവദിക്കില്ലെന്നാണ് പ്രതിപക്ഷ നിലപാട്.
അതേസമയം, പ്രതിഷേധിച്ചതിനെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എട്ട് പ്രതിപക്ഷ എംപിമാർ പാർലമെന്റ് കവാടത്തില്‍ ധർണ തുടരുകയാണ്.കഴിഞ്ഞ രണ്ടു ദിവസമായി ലോക്സഭയില്‍ തുടരുന്ന പ്രതിഷേധം ബുധനാഴ്ച പ്രധാനമന്ത്രിയുടെ ലോക്സഭയിലെ ഇരിപ്പിടം വരെയെത്തി.

മോദി പ്രസംഗിക്കാനെത്തിയാല്‍ അദ്ദേഹത്തിന്റെ മുഖം മറയ്ക്കുന്ന തരത്തിലാണ് വനിതാ എംപിമാർ ബാനറുമായി അണിനിരന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതിനാല്‍ പ്രധാനമന്ത്രി സഭയിലേക്കെത്തിയില്ല. വനിതാ എംപിമാരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര സുരക്ഷാവീഴ്ചയാണെന്ന് ബിജെപി ചൂണ്ടിക്കാട്ടി.













