പാര്‍ലമെന്റ് സമ്മേളനം ഇന്നുമുതല്‍; പി.എന്‍.ബി ആയുധമാക്കി പ്രതിപക്ഷം

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംസെഷന് ഇന്ന് തുടക്കമാകും. ജനുവരി അവസാനം തുടങ്ങി കഴിഞ്ഞമാസം ഒന്‍പതിന് അവസാനിച്ച സമ്മേളനത്തിന്റെ ആദ്യ സെഷന്‍ പൂര്‍ത്തിയായി ഒരുമാസത്തോളം നീണ്ടുനിന്ന ഇടവേളയ്ക്കു ശേഷമാണ് രണ്ടാം ഘട്ടം തുടങ്ങുന്നത്. രണ്ടാം സെഷന്‍ ഏപ്രില്‍ ആറുവരെ നീണ്ടുനില്‍ക്കും. ഇതിനിടെ മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പ് ഫലം അനുകൂലമായതിന്റെ ആത്മവിശ്വാസത്തിലാണ് നരേന്ദ്രമോദി സര്‍ക്കാര്‍.

ബജറ്റിലെ അവഗണനയില്‍ പ്രതിഷേധിച്ചും ആന്ധ്രയ്ക്ക് പ്രത്യേക്ക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടും സംസ്ഥാനത്തു നിന്നുള്ള തെലുങ്കുദേശം (ടി.ഡി.പി), വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വച്ചതിനാല്‍ ആദ്യ സെഷന്‍ പലപ്പോഴും തടസപ്പെട്ടിരുന്നു. ആന്ധ്രയ്ക്കു പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തു നിന്നുള്ള അംഗങ്ങള്‍ ശാന്തരാവുമെങ്കിലും പഞ്ചാബ് നാഷനല്‍ ബാങ്കിലെ (പി.എന്‍.ബി) ക്രമക്കേടുള്‍പ്പെടെയുള്ള സാമ്പത്തിക തട്ടിപ്പ് ഉന്നയിച്ച് പ്രതിപക്ഷം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും.

പി.എന്‍.ബിയില്‍ നിന്ന് ആയിരക്കണക്കിനു കോടി രൂപ തട്ടിയെടുത്ത ശേഷം രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദിക്ക് ഇന്ത്യ വിടാന്‍ സര്‍ക്കാര്‍ സഹായിച്ചുവെന്നത് ഉള്‍പ്പെടെയുള്ള ആരോപണമാകും പ്രതിപക്ഷം ഉന്നയിക്കുക. ഐ.എന്‍.എക്‌സ് മീഡിയ ക്രമക്കേട് കേസില്‍ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിയെ സി.ബി.ഐ അറസ്റ്റ് ചെയ്ത വിഷയം ഉന്നയിച്ച് പ്രതിപക്ഷത്തെ നേരിടുകയാകും സര്‍ക്കാര്‍ ചെയ്യുക. മുത്വലാഖ് ബില്‍, സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിടുന്നവരെ നേരിടുന്നതിനുള്ള എക്കണോമിക് ഒഫന്‍ഡേഴ്‌സ് ബില്‍ ഉള്‍പ്പെടെയുള്ളവ നിയമമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *