പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ രാജ്യമൊട്ടാകെ പ്രേരക്മാരെ നിയമിക്കാനൊരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ക്ഷയിച്ചുപോയ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പുതിയ പ്രവര്‍ത്തന പരിപാടിയുമായി കോണ്‍ഗ്രസ്. താഴേത്തട്ടില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ പ്രേരക്മാരെ നിയമിക്കാനാണ് തീരുമാനം.അഞ്ചു ജില്ലകള്‍ അടങ്ങിയ ഡിവിഷന് മൂന്ന് പ്രേരക്മാര്‍ ഉണ്ടാവും. ഫുള്‍ടൈം പ്രവര്‍ത്തകരായിരിക്കും ഇവര്‍. സെപ്റ്റംബര്‍ അവസാനത്തിനുള്ളില്‍ പ്രേരക്മാരെ നിര്‍ദേശിക്കാന്‍ പിസിസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പുതിയ നീക്കം താഴെത്തട്ടില്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസിനോടുള്ള പ്രതിബദ്ധതയ്ക്ക് പുറമെ ജനങ്ങളെ മനസിലാക്കാനും ബഹുമാനിക്കാനും കഴിവുള്ളവരായിരിക്കണം പ്രേരക്മാര്‍. ഇതിനു വേണ്ട സംഘടനാ അനുഭവം ഇവര്‍ക്ക് ഉണ്ടായിരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ആര്‍.എസ്.എസ് മാതൃകയിലാണ് പാര്‍ട്ടിയെ വളര്‍ത്താന്‍ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്. സെപ്റ്റംബര്‍ മൂന്നിനു ചേര്‍ന്ന ശില്‍പശാലയിലാണ് ഈ ആശയം ഉയര്‍ന്നത്. കോണ്‍ഗ്രസ് ആര്‍.എസ്.എസിന്റെ മാതൃക പിന്തുടരണമെന്ന ഉപദേശവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അസം മുന്‍ മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയ് രംഗത്തെത്തിയിരുന്നു. അസമില്‍ നിന്ന് തന്നെയുള്ള ഗൗരവ് ഗോഗോയാണ് യോഗത്തിലും വിഷയം അവതരിപ്പിച്ചത്. ഇതിനെ മറ്റ് അംഗങ്ങള്‍ പിന്തുണ അറിയിക്കുകയായിരുന്നു.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വന്‍പരാജയമാണ് കോണ്‍ഗ്രസ് നേരിട്ടത്. കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വന്‍പരാജയമറിഞ്ഞു. ഇതിന് പിന്നാലെ രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം ഒഴിയുകയും ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *