പാചകം പൊള്ളും: ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ 93 രൂപയുടെ വര്‍ധന


രാജ്യത്തെ സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കി പാചകവാതകത്തിനു കുത്തനെ വില കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 93 രൂപയാണു ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ പുതിയ സിലിണ്ടറിന് 729 രൂപ നല്‍കണം. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിനു കൂടിയത് 146 രൂപയാണ്. പുതിയ വില 1,289 രൂപ. ഒക്ടോബറില്‍ ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ ഒന്നിനു 49 രൂപയും വാണിജ്യാവശ്യത്തിനുള്ളവയ്ക്കു 78 രൂപയും കൂട്ടിയിരുന്നു.


കേരളത്തില്‍ ആകെയുള്ള 46 ലക്ഷം ഉപയോക്താക്കളെ പുതിയ തീരുമാനം ബാധിക്കും. സെപ്റ്റംബറില്‍ സിലിണ്ടറൊന്നിന് ഏഴു രൂപ കൂട്ടിയിരുന്നു. അടുത്ത മാര്‍ച്ചോടെ സബ്‌സിഡി ഇല്ലാതാക്കുന്നതിനു മുന്നോടിയായി എല്ലാ മാസവും എല്‍പിജി വില വര്‍ധിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം അനുസരിച്ചാണ് വില വര്‍ധനവ്.


2016 ജൂണില്‍ സിലിണ്ടറിനു 419.18 രൂപയായിരുന്നു ദേശീയതലത്തില്‍ നിശ്ചയിച്ച വില. അതേവര്‍ഷം ജൂലൈ തൊട്ട് പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചുവരികയായിരുന്നു. കഴിഞ്ഞമാസം 49 രൂപയും നവംബറില്‍ ഒറ്റയടിക്ക് 94 രൂപയും കൂട്ടി. ഇക്കഴിഞ്ഞ മേയ് മാസത്തിനുശേഷം എല്‍പിജി നിരക്കില്‍ വരുത്തുന്ന ആറാമത്തെ വര്‍ധനയാണിത്. പ്രതിവര്‍ഷം 14.2 കിലോഗ്രാമിന്റെ 12 സിലിണ്ടറുകളാണു സബ്‌സിഡി നിരക്കില്‍ ഒരു കുടുംബത്തിന് അനുവദിച്ചിരിക്കുന്നത്.

കൂടുതല്‍ വേണമെങ്കില്‍ സാധാരണ വിപണി നിരക്കില്‍ വാങ്ങേണ്ടിവരും. രാജ്യത്തു 18.11 കോടി എല്‍പിജി ഉപയോക്താക്കളാണുള്ളത്. പാചകവാതകത്തിന് വില കൂടുന്നതോടെ റസ്റ്റൊറന്റുകളിലെ ഭക്ഷ്യവിഭവങ്ങളുടെ വിലയിലും വര്‍ധനയുണ്ടായേക്കും. ജിഎസ്ടി വന്നതോടെ ഹോട്ടല്‍ ഭക്ഷണവില കൂടിയിരുന്നു. തൊട്ടുപിന്നാലെയാണു പാചകവാതകവില വീണ്ടും കൂടുന്നത്.



Sharing is Caring