പാക്കിസ്ഥാന് അപ്രതീക്ഷിത തോല്‍വി


മെല്‍ബണ്‍: സമനിലയിലേക്കു നീങ്ങിയ മത്സരം കളഞ്ഞുകുളിച്ച് പാക്കിസ്ഥാന്‍, ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര അടിയറവച്ചു. ആദ്യ ടെസ്റ്റ് ജയിച്ചിരുന്ന ഓസീസ് രണ്ടാമത്തേതില്‍ ഇന്നിങ്‌സിനും 18 റണ്‍സിനും ജയിച്ച് മൂന്നു മത്സര പരമ്പര സ്വന്തമാക്കി. സ്‌കോര്‍: പാക്കിസ്ഥാന്‍ – 443/9 ഡിക്ല., 163. ഓസ്‌ട്രേലിയ – 624/8 ഡിക്ല.,


നായകന്‍ സ്റ്റീവന്‍ സ്മിത്തിന്റെ തകര്‍പ്പന്‍ സെഞ്ചുറിക്കു പിന്നാലെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ നേതൃത്വത്തില്‍ ബൗളര്‍മാരും തിമിര്‍ത്താടിയപ്പോള്‍ പിടിച്ചു നില്‍ക്കാനായില്ല പാക്കിസ്ഥാന്. 100 റണ്‍സോടെ അവസാന ദിവസം ബാറ്റിങ് തുടര്‍ന്ന സ്മിത്ത് മിച്ചല്‍ സ്റ്റാര്‍ക്കിനെ (84) കൂട്ടുപിടിച്ച് ടീമിന് മികച്ച ലീഡ് സമ്മാനിച്ചു. 165 റണ്‍സുമായി സ്മിത്ത് പുറത്താകാതെ നിന്നു. 246 പന്തില്‍ 13 ഫോറും ഒരു സിക്‌സറും സഹിതമാണ് സ്മിത്ത് 165 റണ്‍സെടുത്തത്. സ്റ്റാര്‍ക്കിനൊപ്പം ഏഴാം വിക്കറ്റില്‍ 154 റണ്‍സ് ചേര്‍ത്തു സ്മിത്ത്. സ്റ്റാര്‍ക്കും, നഥാന്‍ ലിയോണും (12) മടങ്ങിയതോടെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു ഓസീസ്. 181 റണ്‍സ് ലീഡ്.


സമനില പ്രതീക്ഷിച്ചിറങ്ങിയ പാക്കിസ്ഥാന്‍ ബാറ്റ്‌സ്മാന്മാര്‍ സ്വയം കുഴിതോണ്ടി. 43 റണ്‍സ് വീതമെടുത്ത അസര്‍ അലിയും സര്‍ഫറാസ് അഹമ്മദും ടോപ് സ്‌കോറര്‍മാര്‍. യൂനിസ് ഖാന്‍ 24 റണ്‍സെടുത്തു. 15.2 ഓവറില്‍ 36 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത സ്റ്റാര്‍ക്ക് വിക്കറ്റ് വേട്ടക്കാരില്‍ മുന്നില്‍. നഥാന്‍ ലിയോണിന് മൂന്ന്, ജോഷ് ഹെയ്‌സല്‍വുഡിന് രണ്ട്, ജാക്‌സണ്‍ ബേഡിന് ഒരു വിക്കറ്റ്.



Sharing is Caring