അരുണാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി പെമാഖണ്ഡു ഉള്‍പ്പടെ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ പ്രദേശിലെ 33 എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം എടുത്തത്.
ആറ് മാസത്തിനിടെ ഇത് നാലാം തവണയാണ് അരുണാചല്‍ പ്രദേശില്‍ പ്രതിസന്ധിയുണ്ടാകുന്നത്. കഴിഞ്ഞ ദിവസം പെമാഖണ്ഡുവിനെയും മറ്റ് ആറ് പേരെയും പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ പ്രദേശില്‍ നിന്നും സസ്പെന്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ന് രാവിലെ എംഎല്‍എമാരുടെ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്ത ശേഷമാണ് ബിജെപിയില്‍ ചേരാനുള്ള തീരുമാനം എടുത്തത്.

ജനാധിപത്യം തീരെയില്ലാത്ത പാര്‍ട്ടിയാണ് പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ പ്രദേശ്. അതിനാലാണ് ബിജെപിയില്‍ ചേരുന്നതെന്ന് പെമാഖണ്ഡു മാധ്യമങ്ങളെ അറിയിച്ചു. നേരത്തെ തന്നെ ബിജെപിയില്‍ ചേരാന്‍ ആലോചിച്ചിരുന്നു. തങ്ങളെ പുറത്താക്കിയതോടെ ആ തീരുമനം എത്രയും പെട്ടെന്ന് നടപ്പാക്കുകയായിരുന്നുവെന്നും പെമാഖണ്ഡു അറിയിച്ചു.
ബിജെപിയുടെ രണ്ട് എംഎല്‍എമാരുടെയും രണ്ട് സ്വതന്ത്ര എംഎല്‍എമാരുടെയും ഉള്‍പ്പടെ 37 എംഎല്‍എമാരുടെ പിന്തുണ പെമാഖണ്ഡുവിനുണ്ട്. അതിനാല്‍ മുഖ്യമന്ത്രിയായി പെമാഖണ്ഡു തന്നെ തുടരാനാണ് സാധ്യത.













