പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയാര്‍: ഭാരതം


ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് ഉപേക്ഷിച്ചാല്‍ പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് ഇന്ത്യ. ഭീകരവാദികളെ പിന്തുണയ്ക്കുന്ന നടപടിയു അവസാനിപ്പിക്കുകയും സമാധാനമുള്ള അന്തരീക്ഷവും പാക്കിസ്ഥാന്‍ സൃഷ്ടിക്കുകയും വേണമെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി. ഇന്ത്യയുമായുള്ള പ്രശ്‌നങ്ങളില്‍ സമാധാനപരമായ ഒത്തുതീര്‍പ്പാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്ന പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വികാസ് സ്വരൂപ്.


ഇന്ത്യ ഒരിക്കലും ചര്‍ച്ചകള്‍ വേണ്ടെന്ന് വെച്ചിട്ടില്ല. പക്ഷെ ചര്‍ച്ചകള്‍ക്ക് വേണ്ട സമാധാനാന്തരീക്ഷം സൃഷ്ടിക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല. ആക്രമണവും ചര്‍ച്ചയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോവാന്‍ ആവില്ല. ചര്‍ച്ചകള്‍ക്ക് നല്ല അന്തരീക്ഷം സൃഷ്ടിക്കേണ്ടത് ആവശ്യമാണെന്നും വികാസ് സ്വരൂപ് പറഞ്ഞു.


പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളും ആക്രമണങ്ങളും വികാസ് സ്വരൂപ് ഉയര്‍ത്തിക്കാട്ടി. ‘അതിര്‍ത്തികളില്‍ എന്താണ് സംഭവിക്കുന്നത്? എല്ലാ ദിവസവും നുഴഞ്ഞുകയറ്റശ്രമം ഉണ്ടാകുന്നു. ഭീകരാക്രമണങ്ങള്‍ ഉണ്ടാകുന്നു. അവര്‍ നമ്മുടെ സൈനികരെ ആക്രമിക്കുകയാണ്. ഇതെല്ലാം അവസാനിപ്പിച്ച് സമാധാനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണെങ്കില്‍ പാക്കിസ്ഥാനുമായി ഏതു വിഷയത്തിലും ചര്‍ച്ചയ്ക്ക് ഇന്ത്യ തയാറാണ്’വികാസ് സ്വരൂപ് വ്യക്തമാക്കി.



Sharing is Caring