പള്‍സര്‍ സുനിയെ മുഖപരിചയം പോലുമില്ലെന്ന് ദിലീപ്


നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. അഭിഭാഷകന്‍ ബി.രാമന്‍പിള്ള മുഖേനയാണ് ദിലീപ് ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി വെള്ളിയാഴ്ച കോടതിയുടെ പരിഗണനയ്ക്ക് വരും.
കേസിലെ മുഖ്യപ്രതിയെന്ന് പോലീസ് പറയുന്ന പള്‍സര്‍ സുനിയെ തനിക്ക് മുഖപരിചയം പോലുമില്ലെന്നാണ് ജാമ്യ ഹര്‍ജിയിലെ ദിലീപിന്റെ പ്രധാന വാദം. കേസില്‍ താന്‍ ഒരുതരത്തിലുള്ള ഗുഢാലോചനയും നടത്തിയിട്ടില്ല. സിനിമയിലെ പ്രബലമായ ഒരു ചെറുവിഭാഗം തന്നെ തകര്‍ക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് അറസ്റ്റുണ്ടായിരിക്കുന്നതെന്നും ദിലീപിന്റെ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.


അറസ്റ്റോടെ താന്‍ അഭിനയിച്ച സിനിമയുടെ അണിയറക്കാരും പ്രതിസന്ധിയിലായി. നാലോളം സിനിമകളാണ് മുടങ്ങിക്കിടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട 50 കോടിയോളം രൂപ നിര്‍മാതാക്കള്‍ മുടക്കിയിട്ടുണ്ടെന്നും അറസ്റ്റ് കാരണം ഈ സിനിമകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചവരുടെ ഉപജീവനം തന്നെ ഇല്ലാതായിരിക്കുകയാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.


ആദ്യ ജാമ്യാപേക്ഷയെ എതിര്‍ത്ത് അന്വേഷണ സംഘം മുന്നോട്ടുവച്ച കാര്യങ്ങള്‍ ഇപ്പോള്‍ പ്രസക്തമല്ല. കേസിലെ മുഖ്യതെളിവായ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി എന്ന് പറയപ്പെടുന്ന ഫോണ്‍ നശിപ്പിച്ചുവെന്ന് അഭിഭാഷകന്‍ പ്രതീഷ് ചാക്കോ തന്നെ പോലീസിനോട് പറഞ്ഞു കഴിഞ്ഞു. അപ്പുണ്ണി ചോദ്യം ചെയ്യലിനായി പോലീസിന് മുന്നില്‍ ഹാജരാവുകയും ചെയ്തു. കേസുമായി ഇതുവരെയും പൂര്‍ണമായും സഹകരിച്ചിട്ടുണ്ടെന്നും ഇനിയും അത് തുടരുമെന്നും ദിലീപ് ജാമ്യാപേക്ഷയിലൂടെ കോടതിയെ അറിയിച്ചു.



Sharing is Caring