കര്‍ഷകത്തൊഴിലാളികളുടെ ഉജ്വല പാര്‍ലമെന്റ് മാര്‍ച്ച്

തൊഴിലുറപ്പുപദ്ധതിയും ഭക്ഷ്യസുരക്ഷാപദ്ധതിയും കാര്യക്ഷമമായി നടപ്പാക്കാതെ കര്‍ഷകവിരുദ്ധ നയങ്ങളുടെ നടത്തിപ്പുകാരായി മാറിയ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ആയിരക്കണക്കിന് കര്‍ഷകത്തൊഴിലാളികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്തു. അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. കനത്ത മഴയെ അവഗണിച്ച് വന്‍ സ്ത്രീപങ്കാളിത്തത്തോടെ നടന്ന മാര്‍ച്ച് പാര്‍ലമെന്റ് സ്ട്രീറ്റില്‍ പൊലീസ് തടഞ്ഞു.

തൊഴില്‍, കൂലി, റേഷന്‍ തുടങ്ങിയ അടിസ്ഥാന അവകാശങ്ങള്‍ ചോദിക്കുന്ന ജനതയ്ക്ക് നോട്ടുനിരോധനമാണ് സര്‍ക്കാര്‍ തിരിച്ചുനല്‍കുന്നതെന്ന് കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. രാജ്യത്തെ ജനസംഖ്യയില്‍ 30 ശതമാനത്തോളം പട്ടിണികിടക്കുമ്പോള്‍ എഫ്സിഐ ഗോഡൌണുകളില്‍ ധാന്യം നശിക്കുകയാണ്. കേരളത്തിലെയും ത്രിപുരയിലെയും സര്‍ക്കാരുകള്‍ തൊഴില്‍ദിനങ്ങള്‍ ഉറപ്പാക്കുന്നതില്‍ മാതൃകാപരമായ നേട്ടമുണ്ടാക്കി.

മോഡിസര്‍ക്കാര്‍ വാചകക്കസര്‍ത്തുകൊണ്ടല്ല പ്രവൃത്തികൊണ്ടാണ് പരിഹാരം കാണേണ്ടത്. പശുസംരക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്ന സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ തയ്യാറാകണമെന്ന് വിജയരാഘവന്‍ പറഞ്ഞു.

കുറഞ്ഞത് 250 ദിവസം ജോലിയും 300 രൂപ ദിവസവേതനവും നല്‍കി തൊഴിലുറപ്പുപദ്ധതി പൂര്‍ണമായി നടപ്പാക്കണം. തുല്യജോലിക്ക് തുല്യവേതനം, ഭൂരഹിതര്‍ക്ക് ഭൂമിയും വീടില്ലാത്തവര്‍ക്ക് വീടും നല്‍കുക, ആദിവാസികള്‍ക്ക് അനുകൂലമായ വനാവകാശ നിയമം, ഭക്ഷ്യസുരക്ഷാ നിയമം, കര്‍ഷകത്തൊഴിലാളികളുടെ മക്കള്‍ക്ക് സൌജന്യ വിദ്യാഭ്യാസവും ചികിത്സയും ഉറപ്പാക്കുക എന്നീ ആവശ്യങ്ങളും മാര്‍ച്ച് ഉന്നയിച്ചു.

കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഹന്നന്‍ മൊള്ള, കര്‍ഷകത്തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് എസ് തിരുനാവുക്കരശ്, സുനില്‍ ചോപ്ര, എന്‍ ആര്‍ ബാലന്‍, തുഷാര്‍ ഘോഷ്, എംപിമാരായ പി കെ ശ്രീമതി, എം ബി രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. എംപിമാരായ എ സമ്പത്ത്, പി കെ ബിജു, ജോയ്സ് ജോര്‍ജ് തുടങ്ങിയവര്‍ മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *