പറവൂര്‍ ശ്രീമൂലം ജുബിലി ക്ലബ്ബില്‍ റെയ്ഡ് 3 ലക്ഷം രൂപയും 19 ലിറ്റര്‍ മദ്യവും പിടിച്ചെടുത്തു

പറവൂര്‍: നഗരമധ്യത്തിലെ ഉന്നതരുടെ താവളമായ ശ്രീമൂലം ജുബിലി ക്ലബ്ബില്‍ നര്‍ക്കോട്ടിക് വിഭാഗം മിന്നല്‍ പരിശോധന നടത്തി. ചീട്ടുകളിയിലും മദ്യപാനത്തിനും ഏര്‍പ്പെട്ടിരുന്നവരെ പിടികൂടി. ഇവരില്‍ നിന്നും മൂന്ന് ലക്ഷത്തില്‍പ്പരം രൂപയും 19 ലിറ്റര്‍ മദ്യവും പിടിച്ചെടുത്തു. ക്ലബ്ബ് അംഗങ്ങളും അല്ലാത്തവരുമായ 35 പേര്‍ പരിശോധന സമയത്ത് ക്ലബ്ബില്‍ ഉണ്ടായിരുന്നതായി അറിയുന്നു. നര്‍ക്കോട്ടിക് എ എസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡാണ് പരിശോധന നടത്തി പണവും മദ്യവും പിടിച്ചെടുത്തത്. ശതാബ്ദി ആഘോഷിച്ച ക്ലബ്ബില്‍ നിന്നും ആദ്യമായാണ് പണവും മദ്യവും പിടികൂടുന്നത് .ശനിയാഴ്ച രാത്രി ഒമ്ബതിന് ആരംഭിച്ച പരിശോധന പതിനൊന്നര വരെ നീണ്ടു നിന്നു.പണം വെച്ചുള്ള ചീട്ടുകളില്‍ പങ്കെടുക്കാന്‍ പുറമെ നിന്നുള്ളവരും എത്തിയിരുന്നു. മദ്യം വിളമ്ബാന്‍ ക്ലബ്ബിന് ലൈസന്‍സ് ഇല്ല. എങ്കിലും മദ്യപാനവും ചീട്ടുകളിയും നടക്കുന്നതായി നേരത്തെ തന്നെ പരാതികള്‍ ഉണ്ടായിരുന്നു.സംഭവത്തോടനുബന്ധിച്ച്‌ രണ്ട് പേര്‍ പോലീസ് കസ്റ്റഡിയിലുണ്ട്.ഇവര്‍ ക്ലബ്ബ് ഭാരവാഹികളല്ല. പറവൂര്‍ പോലിസ് സ്റ്റേഷനില്‍ നിന്ന് നൂറ് മീറ്ററും എക്സൈസ് ഓഫീസില്‍ നിന്ന് അമ്ബത് മീറ്ററും അകലെയാണ് ശ്രീ മൂലം ക്ലബ്ബ് .പോലീസോ എക്സൈസോ അവിടെക്ക് തിരിഞ്ഞു നോക്കാറില്ല. ഉന്നതരായ പോലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍ ക്ലബ്ബ് അംഗങ്ങളാണ്.പലര്‍ക്കും രഹസ്യമായി മദ്യപിക്കാനുള്ള താവളമായി മാറിയിരിക്കുകയാണ് ക്ലബ്ബ് .ഇതില്‍ തല മുതിര്‍ന്ന പല മെമ്ബര്‍ മാര്‍ക്കും ആക്ഷേപമുള്ളതായി അറിയുന്നു. ക്ലബ്ബില്‍ ചീട്ടുകളിയിലും മദ്യപാനത്തിനും ഏര്‍പ്പെട്ടിരുന്നവരെ പിടികൂടിയത് പറവൂര്‍ പോലീസിനും എക്സൈസിനും നാണക്കേടായിരിക്കുകയാണ്. ഇതേ സമയം കേസ് അട്ടിമറിക്കാനുള്ള ശ്രമം തകൃതിയായി നടക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *