പരീക്ഷക്കിടെ വിദ്യാര്‍ത്ഥിയെ ശുചിമുറിയില്‍ പോകാന്‍ അനുവദിക്കാത്ത സംഭവം: ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കൊല്ലം: എസ്‌എസ്‌എല്‍സി പരീക്ഷക്കിടെ വിദ്യാര്‍ത്ഥിയെ ശുചിമുറിയില്‍ പോകാന്‍ അനുവദിക്കാത്ത സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. അധ്യാപികക്കെതിരെ കുട്ടിയുടെ മാതാപിതാക്കള്‍ കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കി.
കൊല്ലം കടയ്ക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. പരീക്ഷാഹാളില്‍ വച്ച്‌ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥി ശുചിമുറിയില്‍ പോകണമെന്ന് ആവശ്യപ്പെട്ടത്. ഇന്‍വിജിലേറേറ്ററായിരുന്ന അധ്യാപിക അനുവദിക്കാത്തതിനെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം വേദന സഹിച്ച്‌ കുട്ടിക്ക് ഇരിക്കേണ്ടി വന്നു.
തുടര്‍ന്ന് പരീക്ഷാഹാളില്‍ തന്നെ മലമൂത്ര വിസര്‍ജ്ജനം ചെയ്യേണ്ട നില വന്നു. ഡെസ്ക്കില്‍ കമിഴ്ന്ന് കിടക്കുന്നത് കണ്ട ജീവനക്കാര്‍ കാര്യം അന്വേഷിപ്പോഴാണ് വിവരം അറിഞ്ഞത്. ഇവരുടെ സഹായത്താല്‍ ശൗചാലയത്തിലെത്തി വസ്ത്രങ്ങള്‍ വൃത്തിയാക്കി തിരിച്ചെത്തുന്പോഴേക്കും പരീക്ഷാ സമയം കഴിഞ്ഞു.
സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. അധ്യാപികക്കെതിരെ വിദ്യാഭ്യാസ മന്ത്രി അടക്കമുളളവര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് രക്ഷിതാക്കള്‍. വിഷയം പരീക്ഷാ സൂപ്രണ്ടിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിച്ചെന്നാണ് ടീച്ചറിന്റെ വിശദീകരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *