ഇന്ത്യൻ കോച്ചായി തുടരാൻ അനിൽ കുംബ്ളെയ്‌ക്ക് താത്പര്യമില്ലെന്ന് സൂചന. ക്യാപ്ടൻ വിരാട് കോലിയുമായുള്ള പടലപിണക്കത്തെ തുടർന്നാണ് തീരുമാനം എന്നാണറിയുന്നത്. കുംബ്ലെയുടെ കർശനമായ പരിശീലന രീതികളോട് യോജിച്ചുപോകാനാവില്ലെന്ന് നേരത്തെ കോലി പറഞ്ഞിരുന്നു.
ബി.സി.സി.ഐ സെക്രട്ടറി അമിതാഭ് ചൗദരി ഇത് സംബന്ധിച്ച് കുംബ്ലെയുമായി നേരത്തെ ചർച്ചകൾ നടത്തിയിരുന്നു. കുംബ്ലെ തത്‌സ്ഥാനത്തു തന്നെ തുടരുന്നതാണ് ചൗദരിക്ക് താത്പര്യമെന്നാണറിയുന്നത്. കോച്ചെന്ന നിലയിൽ മികച്ച പ്രകടനമാണ് കുംബ്ലെ കാഴ്ചവച്ചത്. കുംബ്ലെയ്ക്കു കീഴിൽ ഇന്ത്യ തുടർച്ചയായി 5 ടെസ്റ്റ് പരമ്പരകൾ നേടിയിരുന്നു. എന്നാൽ കുംബ്ലെ -കോലി പടലപിണക്കത്തെപ്പറ്റിയുള്ള ചോദ്യങ്ങൾ ചൗദരി നിരസിച്ചു.

ഇതിനിടെ കുംബ്ളയെ ന്യായീകരിച്ച് ബി.സി.സി.ഐയുടെ ഇടക്കാല ഭരണസമിതിയിൽ നിന്ന് രാജിവെച്ച രാമചന്ദ്ര ഗുഹയും രംഗത്തെത്തി. നീതിയുടെയും ന്യായത്തിന്റെയും ഭാഗത്ത് നിന്ന് നോക്കുകയാണെങ്കിൽ കുംബ്ലെയുടെ പരിശീലന കരാർ നീട്ടുകയാണ് ബി.സി.സി.ഐ ചെയ്യേണ്ടതെന്ന് രാമചന്ദ്ര ഗുഹ അഭിപ്രായപ്പെട്ടിരുന്നു. കുംബ്ലെയുടെ അസാന്നിദ്ധ്യത്തിൽ വീരേന്ദർ സെവാഗിനായിരിക്കും കൂടുതൽ സാധ്യത. സച്ചിൻ തെണ്ടുൽക്കർ, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മൺ എന്നിവരടങ്ങിയ മൂന്നംഗ ഉപദേശക സമിതിയാണ് പരിശീലകനെ തിരഞ്ഞെടുക്കുന്നത്.













