ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ ജോലിവിഭജനത്തിന്റെ കാര്യത്തില്‍ പരമാധികാരം ചീഫ് ജസ്റ്റിസിനു തന്നെയാണെന്നു സുപ്രീംകോടതി. ചീഫ് ജസ്റ്റിസിന്റെ അധികാര വ്യാപ്തിയെക്കുറിച്ചു ജഡ്ജിമാരുള്‍പ്പെടെ സംശയം ഉന്നയിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ വിധിന്യായം.
ഭരണഘടന നല്കുന്ന സവിശേഷാധികാരമാണിതെന്നും എല്ലാ വിവാദങ്ങളും തല്ക്കാലം അവസാനിപ്പിക്കാനും ബെഞ്ച് നിര്‍ദ്ദേശം നല്കി. അധികാരത്തിന്റെ കാര്യത്തില്‍ ‘സമന്മാര്ക്കിടയിലെ മുന്പ’നാണു ചീഫ് ജസ്റ്റിസെന്നു ബെഞ്ച് ചൂണ്ടിക്കാട്ടി.

സുപ്രീംകോടതിയിലെ ജോലി വിഭജനത്തിനു ചട്ടം രൂപീകരിക്കണമെന്ന ആവശ്യമുന്നയിച്ചുളള പൊതുതാല്പര്യഹര്ജി തള്ളിയാണ് ഉത്തരവ്. ഭരണസംവിധാനത്തില്‍ ചീഫ് ജസ്റ്റിസില്‍ നിക്ഷിപ്തമായിരിക്കുന്ന മുഴുവന്‍ അധികാരവും ഭരണഘടന നല്കുന്നതാണെന്നു ദീപക് മിശ്ര വ്യക്തമാക്കി. ചീഫ് ജസ്റ്റിനെ അവിശ്വസിക്കേണ്ട സാഹചര്യമില്ലെന്നു ബെഞ്ചിനായി ഉത്തരവ് വായിച്ച ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
ചീഫ് ജസ്റ്റിസിനെതിരെ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ വിമര്‍ശനമുന്നയിച്ച സാഹചര്യത്തിലാണ് അഭിഭാഷകനായ അശോക് പാണ്ഡെ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് മറ്റു ജഡ്ജിമാര്‍ക്കു സമനാണെന്നും അദ്ദേഹം മറ്റു മുതിര്‍ന്ന ജഡ്ജിമാര്‍ക്കൊപ്പം ഇരിക്കണമെന്ന് ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
പ്രധാന കേസുകള്‍ പരിഗണിക്കുമ്പോള്‍ ഈ മുതിര്‍ന്ന ജഡ്ജിമാരെ ഉള്‍പ്പെടുത്തി ഭരണഘടനാ ബെഞ്ച് രൂപീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഹര്‍ജിയാണ് തള്ളിയത്.













