ആര്‍സിസിയിലെ രക്തമാറ്റത്തിലൂടെ എച്ച്‌ഐവി ബാധിച്ചെന്ന് സംശയിച്ച കുട്ടി മരിച്ചു

ആലപ്പുഴ: തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്‍ററില്‍ നിന്ന് എച്ച്‌ഐവി ബാധയുണ്ടായെന്ന് സംശയിച്ച കുട്ടി മരിച്ചു. കാന്‍സര്‍ ബാധയെ തുടര്‍ന്ന് 13 മാസമായി ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്.

പനിബാധിച്ചതിനെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികികിത്സയിലിരിക്കെയാണ് കുട്ടി മരണത്തിനു കീഴടങ്ങിയത്. ന്യുമോണിയ ആണെന്ന് സ്ഥിരീകരിച്ചതോടെ കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, ബുധനാഴ്ച ഉച്ചയോടെ സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

2017 മാര്‍ച്ച്‌ ഒന്നിനായിരുന്നു കുട്ടിയെ ആര്‍സിസിയില്‍ എത്തിച്ചത്. ഇവിടെ നിന്ന് രക്തം സ്വീകരിച്ച ശേഷം കുട്ടിക്ക് എച്ച്‌ഐവി ബാധയാണെന്ന സംശയമുണ്ടാവുകയും ചെയ്തു. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.
ചെന്നൈയില്‍ നടത്തിയ ആദ്യഘട്ട രക്ത പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. ഇതിനു ശേഷം രക്ത സാമ്ബിള്‍ ഡല്‍ഹിയിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്‍റെ ഫലം ഇതുവരെ ലഭ്യമായിട്ടില്ല. ഇതിനിടെയാണ് കുട്ടി മരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *