പതിനാലാം കേരളാ നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. രണ്ടു ദിവസത്തേക്കായി ഇന്ന് രാവിലെ ഒന്‍പതിനാണ് സഭ ആരംഭിച്ചത്. അംഗങ്ങളുടെ സ്ത്യപ്രതിജ്ഞാ ചടങ്ങാണ് ആദ്യം നടക്കുന്നത്. മന്ത്രിമാരൊഴികെയുള്ള അംഗങ്ങളുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്. പ്രോടേം സ്പീക്കര്‍ എസ്.ശര്‍മയുടെ അധ്യക്ഷതയിലാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുന്നത്. മലപ്പുറം ജില്ലയിലെ വള്ളിക്കുന്നില്‍ നിന്ന് ജയിച്ച മുസ്‌ലിം ലീഗിന്റെ അബ്ദുല്‍ ഹമീദ് മാസ്റ്ററാണ് ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത്. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്.
നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. സ്പീക്കര്‍ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകള്‍ ഇന്ന് ഉച്ചയ്ക്കു പന്ത്രണ്ടിനു മുന്‍പു നല്‍കും.
പൊന്നാനിയില്‍നിന്നുള്ള സി.പി.എം അംഗം പി.ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്തേക്കും ചിറയിന്‍കീഴില്‍നിന്നുള്ള സി.പി.ഐ അംഗം വി. ശശിയെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കും എല്‍.ഡി.എഫ് നിര്‍ദേശിച്ചിട്ടുണ്ട്.
യു.ഡി.എഫില്‍ ഇക്കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല. ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പിനുള്ള തിയതി നിശ്ചയിക്കുന്നതു പുതിയ സ്പീക്കറാണ്.
സ്പീക്കര്‍ തെരഞ്ഞെടുപ്പിനു ശേഷം പിരിയുന്ന സഭ 24നു നയപ്രഖ്യാപനത്തോടെ വീണ്ടും സമ്മേളിക്കും.














