ജനങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം ബാങ്കില്‍നിന്ന് പിന്‍വലിക്കുന്നതിനുള്ള എല്ലാ നിയന്ത്രണവും പിന്‍വലിച്ചുള്ള പ്രഖ്യാപനം പ്രധാനമന്ത്രി നടത്തണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ പ്രഖ്യാപിച്ച ഡിസംബര്‍ 30 എന്ന സമയപരിധി പിന്നിട്ട സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.
കറന്‍സി അസാധുവാക്കല്‍ രാജ്യത്തിന്റെ സമ്പദ്ഘടനയെ കൂടുതല്‍ തകര്‍ച്ചയിലേക്കും കുഴപ്പങ്ങളിലേക്കും തള്ളിവിട്ടു. ഇതു ദരിദ്രരെയും ദിവസവരുമാനത്തെ മാത്രം ആശ്രയിച്ചുകഴിയുന്നവരെയും കടുത്ത ദുരിതത്തിലാക്കി. ഈ സാഹചര്യത്തില്‍ കാര്‍ഷികവൃത്തികള്‍ തടസ്സപ്പെടാതിരിക്കാന്‍ കര്‍ഷകര്‍ക്ക് അടിയന്തര കടാശ്വാസം പ്രഖ്യാപിക്കണം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവര്ക്കും 100 തൊഴില്‍ദിനങ്ങള്‍ ഉറപ്പാക്കാന്‍ പദ്ധതിക്കുള്ള വിഹിതം ഇരട്ടിയാക്കണം.
മുഖ്യമായും പണം കൈമാറ്റത്തെ ആശ്രയിച്ച് ഇടപാടുകള്‍ നടത്തിവന്ന ചെറുകിട, ഇടത്തരം വ്യാപാരികള്‍ക്ക് നികുതിയിളവ് നല്‍കണം. നിക്ഷേപം സ്വീകരിക്കാനും പിന്‍വലിക്കാനും സഹകരണബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ എല്ലാ വിലക്കും നീക്കണം. ഏതെങ്കിലും ബാങ്കില്‍ വ്യക്തമായ രീതിയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ ക്രിമിനല്‍ നിയമപ്രകാരം നടപടി എടുക്കണം; ഗ്രാമീണ ഇന്ത്യയുടെ നട്ടെല്ലായ സഹകരണ മേഖലയെ മൊത്തത്തില്‍ നശിപ്പിക്കുകയല്ല വേണ്ടത്.

കറന്സിറദ്ദാക്കല് മിക്ക സംസ്ഥാനങ്ങള്‍ക്കും വന്‍തോതില്‍ വരുമാനനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ നേരിട്ട വരുമാനനഷ്ടത്തിനു കേന്ദ്രസര്‍ക്കാര്‍ പരിഹാരം നല്‍കണം. സംസ്ഥാനങ്ങളുടെ കടമെടുക്കലിന്റെ പരിധി മൊത്തം ആഭ്യന്തരവരുമാനത്തിന്റെ മൂന്ന് ശതമാനത്തില്‍നിന്ന് നാല് ശതമാനമായി ഉയര്‍ത്താന്‍ അനുമതി നല്‍കണം.
രാജ്യം കറന്‍സിരഹിത സമ്പദ്ഘടനയിലേക്ക് നീങ്ങണമെന്ന് പ്രധാനമന്ത്രി തുടര്‍ച്ചയായി പറയുന്ന സാഹചര്യത്തില്‍ ഈ സംവിധാനം ജനങ്ങള്‍ക്കുമേല്‍ അധിക ബാധ്യത അടിച്ചേല്പിക്കില്ലെന്ന് ഉറപ്പാക്കണം. ഡിജിറ്റല്‍ പണം കൈമാറ്റത്തിനുള്ള ചെലവുകള്‍ നീക്കണം. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ആനുകൂല്യവിതരണം ഉറപ്പാക്കണം. ആധാര്‍ നിര്‍ബന്ധമാക്കുന്നത് പല കുടുംബങ്ങള്‍ക്കും റേഷന്‍ നിഷേധിക്കപ്പെടുന്നതിനു ഇടയാക്കും.
അസാധുവാക്കിയ നോട്ടുകളില്‍ ബാങ്കുകളില്‍ തിരിച്ചെത്തിയതിന്റെ കൃത്യമായ കണക്ക് പ്രധാനമന്ത്രി വെളിപ്പെടുത്തണം. 82 ശതമാനം കറന്‍സിയും തിരിച്ചെത്തിയെന്നാണ് രണ്ടാഴ്ച മുമ്പ് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. അസാധുവാക്കിയ നോട്ടുകള്‍ പൂര്‍ണമായും ബാങ്കില്‍ തിരിച്ചെത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ അര്‍ഥം കള്ളപ്പണം മുഴുവന്‍ വെളുപ്പിച്ചുവെന്നാണ്. അധികം പണം തിരിച്ചെത്തിയെങ്കില്‍ കരുതേണ്ടി വരിക കള്ളനോട്ടുകള്‍ നിയമപരമാക്കി മാറ്റിയെന്നാണ്.
ഇതുവരെ എത്രത്തോളം പുതിയ നോട്ടുകള്‍ അച്ചടിച്ചു? അസാധുവാക്കിയ നോട്ടുകളുടെ മൂല്യത്തില്‍ പുതിയ നോട്ടുകള്‍ എപ്പോള്‍ തിരിച്ചെത്തും?
അഴിമതി അവസാനിപ്പിക്കുന്നതിനെക്കുറിച്ച് വാചാലനാകുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് വ്യാപം അഴിമതി, സഹാറ-ബിര്‍ള ഡയറികള്‍ എന്നിവയെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കുന്നില്ല? ബാങ്കുകളില്‍നിന്ന് സ്വന്തം പണം എടുക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഇതിനകം നൂറില്‍പരം പേര് മരിച്ചു. ഇവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം നല്‍കണം.
കറന്‍സി റദ്ദാക്കലിനെ തുടര്‍ന്ന് രാജ്യത്തിനുണ്ടായ സാമ്പത്തിക നഷ്ടം എത്രത്തോളമാണെന്ന് സര്‍ക്കാര്‍ കണക്കാക്കുന്നു? നവംബര്‍ എട്ടിനു നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചശേഷം രാജ്യത്ത് എത്രപേര്‍ക്ക് തൊഴിലും ജീവിതവൃത്തിയും നഷ്ടപ്പെട്ടു? ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും രാജ്യത്ത് കഷ്ടപ്പാടിലായ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനും പ്രധാനമന്ത്രിക്ക് ബാധ്യതയുണ്ടെന്ന് പിബി പ്രസ്താവനയില്‍ പറഞ്ഞു.













