പഞ്ചാബ് ബാങ്ക് തട്ടിപ്പ്: നീരവ് മോദിയുടെ കേന്ദ്രങ്ങളില്‍ റെയ്ഡ്, 5100 കോടി രൂപയുടെ ആഭരണങ്ങള്‍ പിടിച്ചെടുത്തു

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയുടെ വിവിധ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്. നീരവിന്റെ ഉടമസ്ഥയിലുള്ള 5,100 കോടി രൂപയുടെ വജ്ര, സ്വര്‍ണാഭരണങ്ങള്‍ പിടിച്ചെടുത്തു. ഡല്‍ഹി, മുംബൈ, സൂറത്ത്, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെ 17 സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്.

റെയ്ഡില്‍ കണ്ടെത്തിയ ചില രേഖകള്‍ പരിശോധിച്ചു വരികയാണെന്നും ഇ.ഡി പ്രസ്താവനയില്‍ പറഞ്ഞു.

ബാങ്ക് ബാലന്‍സായും നിക്ഷേപമായും ഉണ്ടായിരുന്ന 3.9 കോടി രൂപ മരവിപ്പിക്കുകയും ചെയ്തു.

നീരവ് മോദിക്കെതിരെ 280 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് നടപടി. നീരവിനെക്കൂടാതെ, ഭാര്യ ആമി, സഹോദരന്‍ നിഷാല്‍, ബിസിനസ് പങ്കാളി മെഹുല്‍ ചോസ്‌കി എന്നിവര്‍ക്കെതിരെയാണ് പഞ്ചാബ് ബാങ്കിന്റെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്.

ഇയാളുമായി ബന്ധപ്പെട്ട് അഞ്ച് ആസ്തികള്‍ ഇ.ഡി സീല്‍ ചെയ്തിട്ടുണ്ട്. വിദേശത്തേക്ക് കടന്ന നീരവിന്റെയും കുടുംബത്തിന്റെയും പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കുമെന്നും ഇ.ഡി പ്രസ്താവനയില്‍ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *