ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആദ്യപാദ പോരാട്ടത്തില്‍ ബേസലിനെ നാലു ഗോളുകള്‍ക്ക് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി ക്വാര്‍ട്ടര്‍ പ്രവേശനം എളുപ്പമാക്കി. മറ്റൊരു മത്സരത്തില്‍ ടോട്ടനം യുവന്റസിനെ (2-2) സമനിലയില്‍ തളച്ചു.
ബേസലിന്റെ ഹോംഗ്രൗണ്ടില്‍ നടന്ന ആദ്യപാദ പോരാട്ടത്തില്‍ ഗുണ്ടേഗന്‍ നേടിയ രണ്ടു ഗോളുകളുടെ ബലത്തിലാണ് സിറ്റി വമ്പന്‍ ജയം സ്വന്തമാക്കിയത്. ബെര്‍നാഡോ സില്‍വ, അഗ്യൂറോ എന്നിവര്‍ ഓരോ ഗോളുകളും നേടി. നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ അഭാവം ബേസലിന് വിനയാകുകയായിരുന്നു. മത്സരത്തിന്റെ 14ാം മിനുട്ടില്‍ തന്നെ സിറ്റി ഗുണ്ടേഗനിലൂടെ ലീഡ് നേടി. തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും 18ാം മിനുട്ടില്‍ ബെര്‍നാഡോ സില്‍വയും 23ാം മിനുട്ടില്‍ അഗ്യൂറോയും സിറ്റിക്ക് വേണ്ടി ഗോളുകള്‍ നേടിയതോടെ ബേസലിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു. ആദ്യ പകുതിയില്‍ മൂന്ന് ഗോളുകളുടെ ലീഡ് സ്വന്തമാക്കിയ മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം പകുതിയില്‍ കൂടുതല്‍ സമയം പന്ത് പന്തം കൈവശം വച്ച് കളിച്ചു. മത്സരത്തിന്റെ 74 ശതമാനം പന്ത് കൈവശം വച്ച സിറ്റി ബേസല്‍ പോസ്റ്റിലേക്ക് ഏഴു തവണ നിറയൊഴിച്ചെങ്കിലും ഗോള്‍കീപ്പര്‍ തോമസിന്റെ അത്യുഗ്രന്‍ സേവുകള്‍ ബേസലിനെ രക്ഷിച്ചു. ഏവേ മത്സരത്തില്‍ ആദ്യമായാണ് സിറ്റി ഇത്രയും ഗോളിന് ജയിക്കുന്നത്. സിറ്റിയുടെ മൈതാനത്ത് നടക്കുന്ന രണ്ടാംപാദ മത്സരത്തില്‍ അഞ്ചു ഗോളുകള്‍ക്ക് സിറ്റിയെ പരാജയപ്പെടുത്തിയാല്‍ മാത്രമേ ബേസലിന് ക്വാര്‍ട്ടറില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ.

മറ്റൊരു പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ യുവന്റസിനെ അവരുടെ തട്ടകത്തില്‍ (2-2) ന് സമനിലയില്‍ തളച്ച് ടോട്ടനം ഹോട്‌സ്പര്‍ കരുത്തുകാട്ടി. രണ്ടു ഗോളുകള്‍ക്ക് മുന്നില്‍ നിന്ന ശേഷമാണ് യുവന്റസിന് സ്വന്തം മൈതാനത്ത് ടോട്ടനത്തോട് സമനില വഴങ്ങേണ്ടി വന്നത്. കളിയുടെ രണ്ടാം മിനുട്ടില്‍ തന്നെ മനോഹരമായ വോളിയിലൂടെ ഹിഗ്വയിന്‍ യുവന്റസിന് ലീഡ് സമ്മാനിച്ചു. ഒന്‍പതാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഹിഗ്വയിന്‍ യുവന്റസിന് വീണ്ടും മുന്‍തൂക്കം നല്‍കിയെങ്കിലും 35ാം മിനുട്ടില്‍ ഹാരികെയ്‌നിലൂടെയും 71ാം മിനുട്ടില്‍ എറിക്ക്‌സണിലൂടെയും ടോട്ടനം ഗോള്‍ മടക്കി. ഇരു ടീമുകളും വാശിയോടെയാണ് കളിച്ചത്. ആദ്യ പകുതിയുടെ അവസാനത്തില്‍ ലഭിച്ച പെനാല്‍റ്റി ഹിഗ്വയിന്‍ നഷ്ടപ്പെടുത്തിയത് യുവന്റസിന് തിരിച്ചടിയായി. ഹിഗ്വയിന്‍ എടുത്ത കിക്ക് പോസ്റ്റില്‍ തട്ടി മടങ്ങുകയായിരുന്നു.
ഇതോടെ ഹാട്രിക് നേടാനുള്ള അവസരവും ഹിഗ്വയിന് നഷ്ടമായി. കളിയിലുടനീളം ആദിപത്യം പുലര്‍ത്തിയത് ടോട്ടനം ആയിരുന്നു. മത്സരത്തിന്റെ 66 ശതമാനം പന്ത് കൈവശം വച്ച ടോട്ടനം യുവന്റസ് പോസ്റ്റിലേക്ക് ആറു തവണ പന്തടിച്ചെങ്കിലും ബുഫണിന്റെ സേവുകള്‍ യുവന്റസിനെ രക്ഷിച്ചു. രണ്ട് എവേ ഗോളുകള്‍ നേടാന്‍ കഴഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ടോട്ടനം. അടുത്ത മത്സരത്തില്‍ യുവന്റസിനെ സമനിലയില്‍ പിടിക്കാനായാല്‍ ടോട്ടനത്തിന് ക്വാര്‍ട്ടറില്‍ പ്രവേശിക്കാം. യുവന്റസിന് ക്വാര്‍ട്ടറില്‍ പ്രവേശിക്കണമെങ്കില്‍ ടോട്ടനത്തിന്റെ മണ്ണില്‍ ജയമോ രണ്ടിന് മുകളില്‍ ഗോളുകള്‍ക്ക് സമനിലയോ വേണ്ടിവരും.
20ന് നടക്കുന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബയേണ്‍ മ്യൂണിക്ക് ബെസിക്റ്റസിനെയും ബാര്‍സലോണ ചെല്‍സിയേയും നേരിടും.













