പഞ്ചാബില്‍ ജയില്‍ ആക്രമിച്ച് ഖലിസ്ഥാന്‍ നേതാവടക്കം അഞ്ചുപേരെ മോചിപ്പിച്ചു


പൊലിസ് യൂനിഫോം ധരിച്ചെത്തിയ സായുധ സംഘം പഞ്ചാബിലെ നാഭ സെന്‍ട്രല്‍ ജയിലിലേക്ക് വെടിവയ്പ്പ് നടത്തി. തുടര്‍ന്ന് ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സ് നേതാവിനെയും കൂടെയുള്ള നാലുപേരെയും ജയില്‍ മോചിപ്പിച്ചു കൊണ്ടുപോയി.


ഇന്നു രാവിലെയാണ് സംഭവം. ആക്രമണത്തില്‍ രണ്ടു പൊലിസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.


പത്തിലധികം ഭീകരപ്രവര്‍ത്തന കേസുകളുള്ള ഹര്‍മീന്ദര്‍ സിങ് മിന്‍ടു എന്ന ഖലിസ്ഥാന്‍ നേതാവിനെയും ഇയാളുടെ നാല് അനുയായികളെയുണ് മോചിപ്പിച്ചത്. വിക്കി ഗോന്ദാര്‍, ഗുര്‍പീത് സെഖോന്‍, നീത ഡിയോള്‍, വിക്രംജിത്ത് എന്നിവരാണ് മോചിപ്പിക്കപ്പെട്ടവര്‍.

രണ്ടു കാറുകളിലായാണ് സായുധസംഘം എത്തിയത്. ജയില്‍ സുരക്ഷാ ഉദ്യോഗസ്ഥനെ കത്തികൊണ്ട് ആക്രമിക്കുകയും അകത്തേക്ക് പ്രവേശിക്കുകയുമായിരുന്നു. ശേഷം വെടിവയ്പ്പ് നടത്തി. ആകാശത്തിലേക്കും തങ്ങള്‍ക്കു നേരെയുമായി നൂറിലധികം റൗണ്ട് വെടിവയ്പ്പ് നടത്തിയതായി പരുക്കേറ്റ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. പഞ്ചാബ്, ഹരിയാന, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.



Sharing is Caring