നൗഷാദിന്റെ കുടുംബത്തിന് 82 ലക്ഷം രൂപയുടെ ധനസഹായം കൈമാറി

തൃശ്ശൂര്‍: ചാവക്കാട് പുന്നയില്‍ കൊല്ലപ്പെട്ട കോണ്‍​ഗ്രസ് പ്രാദേശിക നേതാവ് നൗഷാദിന്റെ കുടുംബത്തിനുള്ള ധനസഹായം കൈമാറി. നൗഷാദിന്റെ വീട്ടില്‍ വച്ച്‌ നടന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചേര്‍ന്നാണ് 82 ലക്ഷം രൂപയുടെ ധനസഹായം കൈമാറിയത്.നൗഷാദിനൊപ്പം പരിക്കേറ്റ മൂന്നു പേര്‍ക്കും സഹായധനം നല്‍കി. ജില്ലയിലെ ബൂത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ ഒരു ദിവസം നടത്തിയ പിരിവിലാണ് തുക കണ്ടെത്തിയത്.

നൗഷാദിന്റെ മൂന്നു മക്കളുടെയും പേരില്‍ ബാങ്കില്‍ വെവ്വേറെ നിക്ഷേപിച്ച തുകയുടെ രേഖകളാണ് ആദ്യം കൈമാറിയത്. തുടര്‍ന്ന് അമ്മയുടെയും ഭാര്യയുടെയും പേരിലുളള സ്ഥിരനിക്ഷേപ തുകയുടെ രേഖകളും നല്‍കി. ബാങ്കില്‍ നിന്നുളള പലിശ കൊണ്ട് കുടുംബത്തിന് ജീവിക്കാവുന്ന തരത്തിലാണ് നിക്ഷേപം നടത്തിയിരിരിക്കുന്നത്. ഇതു കൂടാതെ വീടിന്റെ പേരിലുളള വായ്പതുകയും അടച്ചുതീര്‍ത്തു.

ജൂലൈ 31നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നൗഷാദിനെ ചാവക്കാട്ട് വച്ച്‌ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ ആകെ 20 പ്രതികളാണുളളത്. ഇതുവരെ കേസില്‍ ഏഴ് പേരാണ് പിടിയിലായിരിക്കുന്നത്. ‌പുന്ന സ്വദേശി അറയ്ക്കല്‍ ജമാല്‍, വടക്കേക്കാട് സ്വദേശി ഫെബീര്‍, ഫൈസല്‍, മുഹമ്മദ് മുസ്തഫ്, ഫാമിസ് അബൂബക്കര്‍, മുബീന്‍, അര്‍ഷാദ് എന്നിവരാണ് പിടിയിലായിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *