ജോളിയുമായി സൗഹൃദമില്ല; ഭര്‍ത്താവിനെ കുടുക്കിയതാണ്, പ്രജുകുമാറിന്റെ ഭാര്യ ശരണ്യ

കോഴിക്കോട്: കൂടത്തായി കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള സ്വര്‍ണപണിക്കാരന്‍ പ്രജുകുമാര്‍ നിരപരാധിയാണെന്ന് ഭാര്യ ശരണ്യ. ജോളിയുമായി ഭര്‍ത്താവിന് സൗഹൃദമില്ലെന്നും, നിരപരാധിത്വം തെളിയിച്ച്‌ അദ്ദേഹം തിരിച്ച്‌ വരുമെന്നും വിശ്വസിക്കുന്നുവെന്നും ശരണ്യ പറഞ്ഞു.ജോലിയുടെ ഭാഗമായിട്ട് മാത്യുവിനെ കഴിഞ്ഞ 25 വര്‍ഷമായി പരിചയമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.’സയനൈഡ് ഇല്ലാതെ ഞങ്ങള്‍ക്ക് ജോലി ചെയ്യാന്‍ പറ്റില്ല.സയനൈഡ് എന്റെ ഭര്‍ത്താവ് ദുരുപയോഗം ചെയ്യില്ലെന്ന് എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. സത്യം പുറത്ത് വരണം.കേസന്വേഷിക്കുന്ന ഉദ്യാഗസ്ഥരില്‍ വിശ്വസിക്കുന്നു, അവര്‍ക്കൊപ്പം നിലകൊള്ളും’- ശരണ്യ പറഞ്ഞു.

കൊലപാതകത്തിന് ഉപയോഗിച്ച സയനൈഡ് കേസിലെ പ്രതിയും ജുവലറി ജീവനക്കാരനുമായ മാത്യുവിന് നല്‍കിയത് പ്രജുകുമാറാണെന്ന് കണ്ടെത്തിയതോടെയാണ് അന്വേഷണ സംഘം അയാളെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ അന്വേഷണസംഘം ചോദ്യം ചെയ്തപ്പോള്‍ മാത്യുവിനെ പരിചയമില്ലെന്നായിരുന്നു പ്രജുകുമാര്‍ പറഞ്ഞത്. പക്ഷേ അറസ്റ്റിലാകുന്നതിന് തലേദിവസവും പ്രജുകുമാറും മാത്യുവും ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചിരുന്നു എന്നതിന്റെ തെളിവ് അടക്കം പൊലീസിന് ലഭിച്ചിരുന്നു. ഇതോടെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ പെരുച്ചായിയെ കൊല്ലാന്‍ വേണ്ടിയാണ്മാത്യു തന്റെ കൈയില്‍ നിന്ന് സയനൈഡ് വാങ്ങിയതന്നായി പ്രജുകുമാര്‍ പറഞ്ഞു. ഈ മൊഴി പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല.

അതേസമയം, താമരശേരി മജിസ്‌ട്രേട്ട് കോടതി ആറു ദിവസത്തെ കസ്റ്റഡിയില്‍ വിട്ട ജോളിയേയും മറ്റ് പ്രതികളെയും തെളിവെടുപ്പിനായി പൊന്നാമറ്റം വീട്ടിലേക്ക് കൊണ്ടുവന്നു. കൊലയ്ക്ക് ഉപയോഗിച്ച സയനൈഡിന്റെ ബാക്കി ഭാഗം കണ്ടെത്തുകയെന്നതാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.

തെളിവെടുപ്പിനെ തുടര്‍ന്ന് പൊന്നാമറ്റത്തെ വീടിന് ചുറ്റും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജോളിയുടെ അറസ്റ്റോടെ പൊന്നമാറ്റത്തെ വീട് പൊലീസ് സീല്‍ ചെയ്തിരുന്നു. സീല്‍ പൊളിച്ച്‌ നിലവില്‍ തെളിവെടുപ്പ് പുരോഗമിക്കുകയാണ്.പ്രതികളെ തെളിവെടുപ്പിനെത്തിക്കുന്നതറിഞ്ഞ് വന്‍ജനക്കൂട്ടമാണ് പൊന്നാമറ്റം വീടിന് ചുറ്റും രാവിലെ മുതല്‍ തടിച്ച്‌ കൂടിയിരിക്കുന്നത്. പ്രതികളെ പൊന്നാമറ്റത്തെത്തിച്ചപ്പോള്‍ കൂകി വിളിച്ചാണ് നാട്ടുകാര്‍ പ്രതിഷേധം അറിയിച്ചത്. ആളുകളെ നിയന്ത്രിക്കുന്നതിനായി വന്‍ സുരക്ഷ തന്നെ പൊലീസ് ഒരുക്കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *