ന്യൂസിലന്‍ഡിനെ രണ്ടാമിന്നിംഗ്സില്‍ ഓളൗട്ടാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞേക്കില്ല, സുനിൽ ഗവാസ്‌കർ

പ്രഥമ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരം അതിന്റെ അവസാന ദിവസത്തേക്കെത്തിയിരിക്കുകയാണ്. മത്സരത്തിന്റെ അഞ്ച് ദിനങ്ങള്‍ അവസാനിച്ചെങ്കിലും മഴ മൂലം ഭൂരിഭാഗം സമയവും കളി മുടങ്ങിയതിനാലാണ് റിസര്‍വ്വ് ദിനമായ ഇന്നത്തേക്ക് കളി നീണ്ടത്. മത്സരത്തില്‍ 32 റണ്‍സിന്റെ ഒന്നാമിന്നിംഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യ, രണ്ടാമിന്നിംഗ്സില്‍ 64/2 എന്ന നിലയിലാണിപ്പോള്‍. നിലവില്‍ 32 റണ്‍സിന്റെ ലീഡുള്ള അവര്‍ റിസര്‍വ്വ് ദിനമായ ഇന്ന് അതിവേഗം സ്കോര്‍ ഉയര്‍ത്തി ന്യൂസിലന്‍ഡിനെ ബാറ്റിംഗിന് അയക്കുമെന്നാണ് ഒരു വിഭാഗം ക്രിക്കറ്റ് പണ്ഡിതര്‍ വിലയിരുത്തുന്നത്.

എന്നാല്‍ അങ്ങനെ സംഭവിച്ചാലും, ഇന്ത്യക്ക് ന്യൂസില‌ന്‍ഡിനെ അവരുടെ രണ്ടാമിന്നിംഗ്സില്‍ ഓളൗട്ടാക്കാന്‍ കഴിഞ്ഞേക്കില്ലെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍.പിച്ച്‌ വരണ്ടെന്നും അതിനാല്‍ ബാറ്റ്സ്മാന്മാര്‍ക്ക് കാര്യങ്ങള്‍ മുന്‍പത്തേക്കാളും എളുപ്പമായെന്നും ചൂണ്ടിക്കാട്ടുന്ന ഗവാസ്കര്‍, ഇത് കൊ‌ണ്ടു തന്നെ‌ രണ്ടാമിന്നിംഗ്സില്‍ ന്യൂസിലന്‍ഡിനെ ഓളൗട്ടാക്കാന്‍ ഇന്ത്യ കഷ്ടപ്പെടുമെന്ന് ഇന്ത്യ ടുഡേയോട് സംസാരിക്കവെയാണ് കൂട്ടിച്ചേര്‍ത്തത്.

“വേഗം റണ്‍സ് നേടാനും തുടര്‍ന്ന് ന്യൂസിലന്‍ഡിനെ നാലാമിന്നിംഗ്സില്‍ ഓളൗട്ടാക്കാനുമാകും ഇന്ത്യ ശ്രമിക്കുക. പ്രഥമ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന്റെ ഫൈനല്‍ ആവേശകരമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നത്.‌ വിജയം കണ്ടെത്താനുള്ള ഒരു നേരിയ സാധ്യത അവര്‍ നേടിക്കഴിഞ്ഞു. നിലവില്‍ കുറച്ച്‌ സൂര്യ പ്രകാശമുണ്ട്‌ അത് ഉപരിതലത്തെ ഉണക്കി. അത് കൊണ്ടു തന്നെ പിച്ച്‌ നേരത്തേക്കാള്‍ മികച്ചതായി മാറി.”

“പിച്ചില്‍ അല്പം പുല്ലുണ്ടെങ്കിലും മുന്‍ദിവസങ്ങളിലുണ്ടായിരുന്ന കാരി അതിനുണ്ടാവില്ല. അതിനര്‍ത്ഥം ബാറ്റിംഗ് കുറച്ചു കൂടി എളുപ്പമായിത്തീര്‍ന്നിരിക്കുന്നു എന്നതാണ്. ന്യൂസിലന്‍ഡിനെ രണ്ടാമിന്നിംഗ്സില്‍ ഓളൗട്ടാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞേക്കില്ല. അങ്ങനെ സംഭവിക്കണമെങ്കില്‍ അസാധാരണമാം വിധം അവര്‍ പന്തെറിയേണ്ടതുണ്ട്.” ഗവാസ്കര്‍ പറഞ്ഞു നിര്‍ത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *