പ്രായം വെറും സംഖ്യ മാത്രം. സമൂഹ മാധ്യമങ്ങളിൽ വൈറലായി ‘ വെയിറ്റ് ലിഫ്റ്റിംഗ് മുത്തശ്ശി’

ചെന്നൈ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മഹേന്ദ്ര സിംഗ് ധോണി, ലിയാന്‍ഡര്‍ പേസ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുടങ്ങിയ പ്രശസ്ത കായികതാരങ്ങള്‍ പ്രായമൊക്കെ വെറുമൊരു സംഖ്യ മാത്രമാണെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ട്. തമിഴ്‌നാട് ചെന്നൈയില്‍ നിന്നുള്ള 83 കാരിയായ മുത്തശ്ശിയാണ്‌ അടുത്തിടെ ഈ ലീഗില്‍ ചേര്‍ന്ന പുതിയ താരം. മുത്തശ്ശി ഉയര്‍ത്തുന്ന ‘ഡെഡ്‌ലിഫ്റ്റുകള്‍’ കണ്ടാല്‍ ന്യൂജെനറേഷന്‍ പോലും വാ പൊളിച്ചു നിന്നുപോകും.

പരമ്ബരാഗതമായ രീതിയിലുള്ള സാരി ധരിച്ചു നില്‍ക്കുന്ന കിരണ്‍ ബായ് എന്ന ഈ മുത്തശ്ശി 25 കിലോഗ്രാം തൂക്കമുള്ള ‘ഡെഡ്‌ലിഫ്റ്റുകള്‍’ നടത്തുന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്‌. കിരണ്‍ ബായിയുടെ ചെറുമകന്‍ അടുത്തിടെ തന്റെ മുത്തശ്ശിയുടെ വീഡിയോകളും ഫോട്ടോകളും ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടതോടെയാണ്‌ മുത്തശ്ശി ആളാകെ മാറിയത്.

നിര്‍ത്താത്ത അഭിനന്ദന പ്രവാഹമാണ് മുത്തശ്ശിക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിച്ച്‌ കൊണ്ടിരിക്കുന്നത്. കായികവും ശാരീരികക്ഷമതയുമായുള്ള കാര്യങ്ങളില്‍ ചെറുപ്പം മുതലെ സജീവമായിരുന്നു കിരണ്‍ ബായി. കുട്ടിക്കാലത്ത്, ഖോ ഖോ, കബഡി തുടങ്ങിയ കായിക ഇനങ്ങളില്‍ അവര്‍ക്ക് ഏറെ താല്‍പ്പര്യമുണ്ടായിരുന്നു.

ഒരു അപകടത്തിന്‍റെ തുടര്‍ച്ചയായാണ് ഖോ ഖോ, കബഡി എന്നിവയില്‍ നിന്ന് വ്യത്യസ്തമായി, ഒരു ഡെഡ്‌ലിഫ്റ്റര്‍ എന്ന നിലയിലുള്ള മുത്തശ്ശിയുടെ യാത്ര ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം, ഒരു അപകടത്തില്‍ കിരണ്‍ ബായിയുടെ കണങ്കാലിന് പരിക്കേല്‍ക്കുകയുണ്ടായി, വൃദ്ധയായ മുത്തശ്ശിക്ക് പരിക്കില്‍ നിന്ന് കരകയറാന്‍ ഒട്ടേറെ സമയം ചിലവഴിക്കേണ്ടി വന്നു. തനിക്ക് വീണ്ടും നടക്കാന്‍ കഴിയുമോ ഇല്ലയോ എന്ന് ഇവര്‍ ഭയപ്പെടാനും തുടങ്ങി. തുടര്‍ന്ന് വീട്ടിലെ ഒരു മുറിയില്‍ ഒരു ജിം നിര്‍മ്മിച്ച്‌ മുത്തശ്ശിയെ വേഗം പൂര്‍വസ്ഥിതിയില്‍ എത്തിക്കാനുള്ള ഉത്തരവാദിത്തം താന്‍ ഏറ്റെടുത്തുവെന്നാണ് ചെറുമകനായ ചിരാഗ് ചോര്‍ഡിയ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞത്.

പിന്നീട് മുത്തശ്ശിയുമായിച്ചേര്‍ന്ന് ഫലപ്രദമായ വര്‍ക്കൗട്ടുകള്‍ ചിരാഗ് ആസൂത്രണം ചെയ്തു, അതിനുശേഷം ഇരുവരും ഒരുമിച്ച്‌ അവരുടെ താല്‍ക്കാലിക ജിമ്മില്‍ കഠിനമായ വര്‍ക്കൗട്ടുകള്‍ ചെയ്യാന്‍ തുടങ്ങി. ഇപ്പോള്‍ ആഴ്ചയില്‍ മൂന്ന് തവണ സ്ഥിരമായി അവര്‍ വെയ്റ്റ് ലിഫ്റ്റിങ് നടത്തുന്നുണ്ട്. ഈ പ്രായമൊക്കെ ഒരു സംഖ്യ മാത്രമല്ലേയെന്നും ഇതിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കണമെന്നതാണ്‌ താന്‍ ആഗ്രഹിക്കുന്നതെന്നുമാണ് ഈ ‘വൈറല്‍ മുത്തശ്ശി’ പറയുന്നത്..

തന്റെ 83-ാം ജന്മദിനത്തില്‍, സാരിയും ധരിച്ച്‌ 25 കിലോഗ്രാം തൂക്കമുള്ള ‘ഡെഡ്‌ലിഫ്റ്റുകള്‍’ നടത്തുന്ന കിരണിന്‍റെ ഒരു വീഡിയോ ചിരാഗ് സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുകയും, അത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. 83 കാരിയായ ഈ മുത്തശ്ശിയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്‌ സോഷ്യല്‍ മീഡിയ. എന്തായാലും സംഭവം ഏറെ അടിപൊളിയായിട്ടുണ്ട്. ഒപ്പം നമ്മുടെ ന്യൂജെന്‍ മുത്തശ്ശിയും!

Spread the love

Leave a Reply

Your email address will not be published. Required fields are marked *