500,1000 നോട്ടുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ രംഗത്തെത്തി.നോട്ടുകള്‍ പിന്‍വലിച്ചത് കൊണ്ട് കൈക്കൂലിയും കള്ളപ്പണവും ഇല്ലാതാകില്ലെന്നും കറന്‍സി പിന്‍വലിക്കുന്ന വാര്‍ത്ത ഒരാഴ്ച മുമ്ബേ ബി.ജെ.പി രാജ്യത്തെ വന്‍ മുതലാളിമാരെ അറിയിച്ചിരുന്നതായും അദ്ദേഹം ആരോപിച്ചു.
നിരവധി വിദഗ്ധരുമായി താന്‍ സംസാരിച്ചിരുന്നു. 1000 ത്തിന് പകരം 2000 രൂപയുടെ നോട്ട് കൊണ്ടുവന്നാല്‍ കള്ളപ്പണം എങ്ങനെ തടയാമെന്ന് അവര്‍ക്കാര്‍ക്കും വിശദീകരിക്കാന്‍ സാധിച്ചില്ലെന്നും കേജ്രിവാള്‍ പറഞ്ഞു. ഇത് കൊണ്ട് കള്ളപ്പണം ഇല്ലാതാക്കാനാവില്ല.

എതെങ്കിലും കള്ളപ്പണക്കാരനെയോ പണക്കാരനേയോ ബാങ്കിനു മുന്നിലെ ക്യൂവില്‍ കാണാന്‍ കഴിഞ്ഞോ? പാവപ്പട്ട കച്ചവടക്കാരും റിക്ഷ വലിക്കുന്നവരും ഓട്ടോ റിക്ഷാഡ്രൈവര്‍മാരും കര്‍ഷകരും സാധാരണ ജോലിക്കാരുമാണ് നോട്ട് മാറാന്‍ ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നത്. ഈ ആളുകളാണോ കള്ളപ്പണക്കരെന്നും അദ്ദേഹം ചോദിച്ചു.
രാജ്യത്തു നിന്നും കള്ളപ്പണം ഇല്ലാതാക്കുകയാണ് മോദിയുടെ ലക്ഷ്യമെങ്കില്‍ അദ്ദേഹം സ്വിസ് ബാങ്കുകളില്‍ അക്കൗണ്ടുള്ള 648 പേരുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാകണം. ഈ 648 പേരെ പിടികൂടാതെ രാജ്യത്തെ കള്ളപ്പണം എങ്ങനെ ഇല്ലാതാക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിക്കുന്നു. എന്നാല്‍ ഇവരെ അറസ്റ്ര് ചെയ്യാന്‍ മോദി തയ്യാറാകില്ല, കാരണം മോദിയുടെയും ബി.ജെ.പിയുടെയും അടുത്ത ആള്‍ക്കാരാണ് ഈ 648 പേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
500, 1000 രൂപാ നോട്ടുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കുകയായിരുന്നുവെങ്കില്‍ പിന്തുണ നല്‍കാമായിരുന്നു. പുതിയ 2000 രൂപാ നോട്ടുകൊണ്ട് പ്രയോജനം ലഭിക്കുന്നത് കൈക്കൂലി വാങ്ങുന്നവര്‍ക്കും കൊടുക്കുന്നവര്‍ക്കുമാണ്. മുമ്ബ് ആയിരത്തിന്റെ 100 നോട്ടുകള്‍ വാങ്ങിയിരുന്നവര്‍ക്ക് ഇപ്പോള്‍ രണ്ടായിരത്തിന്റെ 50 നോട്ടുകള്‍ വാങ്ങിയാല്‍ മതി. അതാണ് പുതിയ നോട്ടിന്റെ പ്രയോജനംമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു













