നെയ്യാറ്റിന്‍കരയിലെ ദമ്ബതികളുടെ മരണത്തില്‍ നാടകീയമായ വഴിത്തിരിവ്

നെയ്യാറ്റിന്‍കരയിലെ ദമ്ബതികളുടെ മരണത്തില്‍ നാടകീയമായ വഴിത്തിരിവ്. തര്‍ക്ക വസ്‌തുവായ നാല് സെന്റ് പരാതിക്കാരിയായ വസന്തയുടെ ഉടമസ്ഥതയിലുളളതാണെന്ന് അതിയന്നൂര്‍ വില്ലേജ് ഓഫിസ് സ്ഥിരീകരിച്ചു. തൊട്ടടുത്ത് വസന്ത താമസിക്കുന്ന വീട് അടങ്ങിയ എട്ട് സെന്റ് കൊച്ചുമകന്‍ എ എസ് ശരത്കുമാറിന്റെ പേരിലാണെന്നും വിവരാവകാശരേഖ വ്യക്തമാക്കുന്നു.

ചെറുമകന്‍ ശരത്കുമാറിന് എട്ട് വയസുളളപ്പോള്‍ 2007ലാണ് വസന്ത വസ്‌തു വാങ്ങുന്നത്. ഇതേ ഭൂമി മറ്റ് മൂന്ന് പേരുടെ പേരിലാണെന്ന് കാണിച്ച്‌ നെയ്യാറ്റിന്‍കര താലൂക്ക് ഓഫിസില്‍ നിന്നു വിവരാവകാശ രേഖ രാജന് നല്‍കിയത് നേരത്തെ വാര്‍ത്തയായിരുന്നു. ഈ തെറ്റായ രേഖയെ ആശ്രയിച്ചായിരുന്നു പുറമ്ബോക്ക് ഭൂമി സ്വന്തമാക്കാന്‍ രാജന്‍ പോരാട്ടം നടത്തിയത്.
നെയ്യാറ്റിന്‍കര താലൂക്ക് ഓഫിസില്‍ നിന്ന് രാജന് നേരത്തെ ലഭിച്ച രേഖയില്‍ ഇതേ ഭൂമി വെണ്‍പകല്‍ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയില്‍ എസ് സുകുമാരന്‍ നായര്‍, കെ കമലാക്ഷി, കെ വിമല എന്നിവരുടെ പേരുകളിലാണ് എന്നായിരുന്നു. ഈ രേഖയുമായാണ് രാജന്‍ നിയമ വിദദ്ധരുടെ അഭിപ്രായം തേടിയതെന്ന് കരുതുന്നു. പട്ടയം ലഭിച്ചയാള്‍ ഭൂമി ഉപേക്ഷിച്ച്‌ പോയതിനാല്‍, ഈ ഭൂമിയില്‍ താമസിക്കാനും താലൂക്ക് ഓഫിസില്‍ തന്റെ പേരില്‍ പട്ടയം ലഭിക്കാന്‍ അപേക്ഷ നല്‍കാനും രാജന് നിയമോപദേശം ലഭിച്ചെന്നാണ് കരുതപ്പെടുന്നത്.

ഒഴിഞ്ഞു കിടന്ന ഭൂമിയില്‍ രാജന്‍ ഷെഡ് നിര്‍മിച്ച്‌ കുടുംബത്തോടൊപ്പം താമസം തുടങ്ങിയത് ഒന്നര വര്‍ഷം മുമ്ബായിരുന്നു. മാസങ്ങള്‍ക്ക് ശേഷം അയല്‍വാസിയായ വസന്ത, ഇതു തന്റെ ഭൂമിയാണെന്നവകാശപ്പെട്ട് കോടതിയെ സമീപിച്ചു. ഇതറിഞ്ഞ രാജന്‍ സെപ്‌തംബര്‍ 29ന് നെയ്യാറ്റിന്‍കര താലൂക്ക് ഓഫിസില്‍, വസ്‌തുവിന്റെ വിശദാംശങ്ങള്‍ തേടി വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കുകയായിരുന്നു. ഇതിനുളള മറുപടിയിലാണ് തെറ്റായ വിവരങ്ങള്‍ ഉണ്ടായിരുന്നത്.

തങ്ങള്‍ താമസിക്കുന്നത് അവകാശികളില്ലാത്ത പുറമ്ബോക്ക് ഭൂമിയിലെന്നാണ് അച്ഛന്‍ കരുതിയിരുന്നതെന്ന് രാജന്റെ മക്കള്‍ പറയുന്നു. തെറ്റായ വിവരം ലഭിച്ചതും അതിനെ വിശ്വസിച്ചതുമാണ് അച്ഛനെയും അമ്മയെയും മരണത്തിലേക്കു തളളി വിട്ടത്. അവരുടെ മരണങ്ങളില്‍ നേരിട്ടല്ലെങ്കിലും തെറ്റായ വിവരം നല്‍കിയ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ട്. അവര്‍ക്കെതിരെയും നടപടി വേണമെന്നായിരുന്നു രാജന്റെ മക്കളുടെ ആവശ്യം.

അതേസമയം, രേഖകള്‍ പരിശോധിച്ച്‌ വരികയാണെന്നും വസ്‌തുവിന്റെ ഉടമ ആരാണെന്ന് അറിയണമെങ്കില്‍ എല്ലാ രേഖകളും പരിശോധിക്കണമെന്നും തഹസില്‍ദാര്‍ അജയകുമാര്‍ പ്രതികരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *