നിയമസഭ സമ്മേളനം പുനഃരാരംഭിക്കുന്നു; പ്രളയവും അനുപമയുടെ കുഞ്ഞും റിയാസിന്‍റെ ‘കരാറുകാരും’ ചർച്ചയാകും

തിരുവനന്തപുരം: മഴക്കെടുതി മൂലം നിര്‍ത്തിവച്ച നിയമസഭ സമ്മേളനം വീണ്ടും തുടങ്ങുമ്പോൾ നിരവധി വിഷയങ്ങളാകും ചർച്ചയാകുക. പ്രളയ കെടുതി മുതൽ അനുപമയുടെ കുഞ്ഞിന്‍റെ ദത്തും മന്ത്രി മുഹമ്മദ് റിയാസ് ഉയർത്തിയ കരാറുകാരുടെ വിവാദമടക്കം നിയമസഭയെ ഇത്തവണ പ്രക്ഷുബ്ധമാക്കിയേക്കും. പ്രളയ മൂന്നൊരുക്കങ്ങളിലെ വീഴ്ച തന്നെയാകും പ്രതിപക്ഷം പ്രധാന ചര്‍ച്ചയാക്കുക. അടിയന്തര പ്രമേയ നോട്ടീസായി വിഷയം അവതരിപ്പിച്ചേക്കും.

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ അടിയന്തരസഹായം ലഭ്യമാക്കേണ്ടതിന്‍റെ ആവശ്യകതയിലേക്ക് എം എം മണി ശ്രദ്ധ ക്ഷണിക്കല്‍ അവതരിപ്പിക്കും. കള്ള് വ്യവസായ വികസന ബോര്‍ഡ് ബില്‍, കേരള ധാതുക്കള്‍ അവകാശങ്ങള്‍ ബില്‍, കയര്‍ തൊഴിലാളി ക്ഷേമ നിധി ബില്‍, സൂക്ഷ്മ ചെറുകിട വ്യവസയാ സ്ഥാപനങ്ങള്‍ ബില്‍ എന്നിവയടക്കം സഭ പരിഗണിക്കും.

അനുപമ കേസാകും ഇക്കുറി വലിയ വാദപ്രദിവാദങ്ങൾക്ക് കളമൊരുക്കുകയെന്നാണ് വിലയിരുത്തൽ. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ പ്രതികരിക്കാത്തതടക്കം മുൻനിർത്തിയാകും പ്രതിപക്ഷത്തിന്‍റെ ആക്രമണം. അതേസമയം തന്നെ മന്ത്രി റിയാസിനെതിരായ മരാമത്ത് വിവാദവും പ്രതിപക്ഷം സഭയില്‍ വരും ദിവസങ്ങളില്‍ സജീവമാക്കിയേക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *