നിയമസഭ തെരഞ്ഞെടുപ്പിന് സംസ്ഥാന കോണ്‍ഗ്രസിനെ നയിക്കുക ഉമ്മന്‍ചാണ്ടി നേതൃത്വത്തിലുള്ള 10 അംഗ സമിതി

നിയമസഭ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സംസ്ഥാനത്തെ കോണ്‍ഗ്രസിനെ നിയന്ത്രിക്കുക ഉമ്മന്‍ചാണ്ടിയുടെ നേത‌ൃത്വത്തിലുള്ള പത്തംഗ സമിതി. സമിതിക്ക് ഹൈക്കമാന്‍റ് വിപുലമായ അധികാരങ്ങള്‍ നല്‍കിയതോടെ ഫലത്തില്‍ കെ.പി.സി.സി അപ്രസക്തമാവും.

നിർണായക തീരുമാനങ്ങള്‍ എടുക്കാറുള്ള രാഷ്ട്രീയകാര്യ സമിതിയും ഫലത്തില്‍ ഇല്ലാതാവും. ഇനി അധികാര കേന്ദ്രം ഉമ്മന്‍ചാണ്ടി നയിക്കുന്ന പത്തംഗ സമിതിയാകും. സ്ഥാാനാർത്ഥി നിര്‍ണയവും പ്രചരണവുമെല്ലാം ഈ സമിതിയില്‍ കേന്ദ്രീകരിക്കപ്പെടും. ഇതോടെ സമിതി നിർദേശ പ്രകാരം പ്രവർത്തിക്കുകയെന്നത് മാത്രമായി കെ.പി.സി.സി ഭാരവാഹികളുടെ ദൗത്വം മാറും.

കെ.പി.സി.സി നിര്‍വാഹക സമിതിയെന്ന ജംബോ കമ്മറ്റിയ്ക്കും ഇനി പ്രത്യേക റോളില്ല. നിർവാഹകസമിതി അംഗങ്ങളില്‍ മിക്കവർക്കും മണ്ഡലങ്ങളുടെ ചുമതല നല്‍കിയിട്ടുണ്ട്. അവരെയെല്ലാം ഉമ്മന്‍ചാണ്ടി സമിതി ഏകോപിക്കും. കേരളത്തിലെ പാര്‍ട്ടിയിലെ അധികാരകേന്ദ്രമായിരുന്ന രാഷ്ട്രീയകാര്യ സമിതിയുടെ യോഗം പോലും ഇനി വിളിക്കില്ല. സമിതിക്ക് പുറമെ നിർണായക ദൗത്യവുമായി എ.കെ ആന്‍റണിയും തിരഞ്ഞെടുപ്പിന്‍റെ അവസാനമാസങ്ങളില്‍ കേരളത്തില്‍ സജീവമാവും.

കാര്യങ്ങള്‍ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കാനായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറും സംഘവുമുണ്ടാവും. ഒപ്പം നിരീക്ഷകരുടെ റോളിലെത്തുന്ന അശോക് ഗഹലോട്ടില്‍ നിന്നും കാര്യങ്ങള്‍ അപ്പപ്പോള്‍ കേന്ദ്ര നേതൃത്വം വിലയിരുത്തും.

കെ.പി.സി.സി അധ്യക്ഷന്‍ കൂടി മത്സരിക്കാന്‍ ഇറങ്ങിയാല്‍ ആക്ടിങ് പ്രസിഡന്‍റിനെ വെക്കുന്നതും പരിഗണിക്കും. ഉമ്മന്‍ചാണ്ടിയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നതില്‍ ഐ ഗ്രൂപ്പിന് അതൃപ്തിയുണ്ട്. പക്ഷേ ഹൈക്കമാന്‍റിനെ പേടിച്ച് എല്ലാം അംഗീകരിച്ച് മുന്നോട്ട് പോകും. ഭരണം കിട്ടുന്ന സാഹചര്യമുണ്ടാകുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ വീതം വെപ്പ് ആവശ്യമുയര്‍ത്തും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *