നിയമസഭാ തെരഞ്ഞെടുപ്പ്: ഓണ്‍ലൈനായും പത്രിക സമര്‍പ്പിക്കാം, 80 കഴിഞ്ഞവർക്കും കോവിഡ് രോഗികള്‍ക്കും തപാല്‍ വോട്ട്

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓണ്‍ലൈനായും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സൗകര്യമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രാഷ്ട്രീയ കക്ഷികളുമായി നടത്തിയ ചർച്ചയില്‍ തീരുമാനമായി. 80 വയസ് കഴിഞ്ഞവർ, ഭിന്നശേഷിക്കാർ, കോവിഡ് രോഗികൾ എന്നിവർക്ക് തപാൽ വോട്ടിന് സൗകര്യമൊരുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.

ഏപ്രില്‍ മാസം പകുതിയോടെ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാനാണ് തീരുമാനം. നാമനിർദേശ പത്രിക സമർപ്പിക്കാനെത്തുമ്പോൾ സ്ഥാനാർഥിക്കൊപ്പം രണ്ട് പേരെ മാത്രമേ അനുവദിക്കൂ. പ്രചാരണ വാഹന ജാഥകൾക്ക് പരമാവധി അഞ്ച് വാഹനങ്ങളാകും അനുവദിക്കുക. ഒരു ജാഥ പൂർത്തിയായി അരമണിക്കൂറിന് ശേഷമേ അടുത്തത് പാടുള്ളൂ. ഇത്തവണ ഓൺലൈൻ ആയി നാമനിർദേശ പത്രിക സമർപ്പിക്കാൻ സൗകര്യമുണ്ട്. ഓൺലൈനായി നൽകുന്നവർ അതു ഡൗൺലോഡ് ചെയ്ത് പകർപ്പ് വരണാധികാരിക്ക് നൽകണം. തെരഞ്ഞെടുപ്പിന് സ്ഥാനാർഥി കെട്ടിവെക്കേണ്ട തുകയും ഓൺലൈനായി അടയ്ക്കാൻ കഴിയും.

80 വയസ് കഴിഞ്ഞവർ, ഭിന്നശേഷിക്കാർ, കോവിഡ് രോഗികൾ എന്നിവർക്ക് തപാൽ വോട്ടിന് സൗകര്യമൊരുക്കും. ഇത്തരക്കാർക്ക് തപാൽ വോട്ട് നേരിട്ട് എത്തിക്കാൻ ജില്ലാതലത്തിൽ പ്രത്യേക ടീം രൂപീകരിക്കും. തപാൽ വോട്ടിന് ആഗ്രഹിക്കുന്നവർ 12-ഡി ഫോറത്തിൽ അതത് വരണാധികാരിക്ക് അപേക്ഷ നൽകണം. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തിയ്യതി മുതൽ വിജ്ഞാപനം വന്ന് അഞ്ച് ദിവസം വരെ ഇത്തരത്തിൽ തപാൽ വോട്ടിന് അപേക്ഷിക്കാം. തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ചുള്ള കൊട്ടിക്കലാശം ഒഴിവാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും യോഗത്തിലുണ്ടായി. ഇതുസംബന്ധിച്ച് ഒരാഴ്ചയ്ക്കകം രേഖാമൂലം അഭിപ്രായം അറിയിക്കാൻ രാഷ്ട്രീയ പാർട്ടികളോട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിർദേശിച്ചു.

പോളിങ് സമയം നീട്ടണമെന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഏഴ് മണി വരെ പോളിങ് സമയം അനുവദിക്കണമെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനോട് ടിക്കാറാം മീണയും ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര കമ്മീഷനായിരിക്കും അന്തിമ തീരുമാനമെടുക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *