നിയമലംഘനം: രണ്ടു മാസത്തിനുള്ളില്‍ സംസ്ഥാനത്ത് 11695 ലൈസന്‍സുകള്‍ സസ്പെന്‍ഡ് ചെയ്തു

നിയമം ലംഘിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ 11,695 പേരുടെ ലൈസന്‍സ് മോട്ടോര്‍വാഹനവകുപ്പ് സസ്പെന്‍ഡ് ചെയ്തു. സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ നിര്‍ദേശാനുസരണം തുടങ്ങിയ ‘ഓപ്പറേഷന്‍ സുരക്ഷ’ പദ്ധതിപ്രകാരമാണ് ലൈസന്‍സുകള്‍ സസ്പെന്‍ഡ് ചെയ്തത്. ജൂലായ് മുതല്‍ ഓഗസ്റ്റ് വരെയുള്ള രണ്ടുമാസക്കാലയളവിലാണ് കേരളത്തിലെ നിരത്തുകളില്‍നിന്ന് ഇത്രയുംപേര്‍ക്ക് ലൈസന്‍സ് നഷ്ടമായത്.
തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. തിരുവനന്തപുരത്ത് 471 പേരും എറണാകുളത്ത് 376 പേരും പിടിക്കപ്പെട്ടു. കഴിഞ്ഞമാസംമാത്രം 2,908 ലൈസന്‍സുകളാണ് വിവിധ നിയമലംഘനങ്ങള്‍ക്ക് സസ്പെന്‍ഡ് ചെയ്തത്. മൊബൈല്‍ഫോണ്‍ ഉപയോഗിച്ച്‌ വാഹനമോടിച്ചതിനാണ് കഴിഞ്ഞമാസം കൂടുതല്‍ പേര്‍ക്കും ലൈസന്‍സ് നഷ്ടമായത്. രജിസ്റ്റര്‍ചെയ്ത 511 കേസുകളില്‍ 432 പേര്‍ക്ക് ലൈസന്‍സ് നഷ്ടമായി.
റോഡില്‍ അപകടമുണ്ടാക്കിയതിന് 235 പേരുടെയും അമിതവേഗത്തില്‍ വണ്ടിയോടിച്ചതിന് 226 പേരുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ആദ്യം മൂന്നുമാസത്തേക്കും വീണ്ടും പിടിക്കപ്പെട്ടാല്‍ ആറുമാസത്തേക്കും പിന്നീട് ഒരു വര്‍ഷത്തേക്കുമാണ് സസ്പെന്‍ഷന്‍ ഉണ്ടാവുക. അതിനുശേഷവും പിടിക്കപ്പെട്ടാല്‍ എന്നെന്നേക്കുമായി ലൈസന്‍സ് റദ്ദ്ചെയ്യുന്ന രീതിയിലാണ് ഓപ്പറേഷന്‍ സുരക്ഷയുടെ നടപടികള്‍.
അടുത്തഘട്ടംമുതല്‍ പോലീസിനെക്കൂടി പദ്ധതിയുടെ ഭാഗമാക്കാനുള്ള ഒരുക്കത്തിലാണ് മോട്ടോര്‍വാഹനവകുപ്പ്. അതിനായി സംസ്ഥാന പോലീസ് മേധാവിയുമായി ഉടന്‍ ചര്‍ച്ച നടക്കും. അപകടം ഗണ്യമായി കുറഞ്ഞതായും പോലീസ് പിടിക്കുന്ന കേസുകളും മോട്ടോര്‍വാഹനവകുപ്പിന് കൈമാറുന്നതോടെ നിരത്തുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനാവുമെന്നും ജോയന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പി. രാജീവ് പറഞ്ഞു.
ജില്ല – സസ്പെന്‍ഡ് ചെയ്ത ലൈസന്‍സുകളുടെ എണ്ണം (ഓഗസ്റ്റ് മാസത്തിലെ കണക്ക്) – തിരുവനന്തപുരം- 471, കൊല്ലം- 188, പത്തനംതിട്ട- 110, ആലപ്പുഴ- 295, കോട്ടയം -254, ഇടുക്കി- 129, എറണാകുളം -376, തൃശൂര്‍- 158, പാലക്കാട്-145, മലപ്പുറം- 208, കോഴിക്കോട്- 327, കണ്ണൂര്‍ – 48, വയനാട് -104, കാസര്‍കോട് -95

Spread the love

Leave a Reply

Your email address will not be published. Required fields are marked *