നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും


കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അഡ്വ. ബി രാമന്‍പിള്ള. രണ്ട് ദിവസത്തിനകം തന്നെ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നും ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു.


അതേസമയം, ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ നാളെ അന്വേഷണസംഘത്തിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെ പോലീസിന്റെ അടുത്ത നീക്കങ്ങള്‍ കൂടി മനസിലാക്കിയ ശേഷം മാത്രം മതി മൂന്നാമതും ഹൈക്കോടതിയില്‍ ജാമ്യപേക്ഷ സമര്‍പ്പിക്കുന്നതെന്നതാണ് നിലവില്‍ പ്രതിഭാഗത്തിന്റെ നിലപാട്.


നിലവില്‍ നാദിര്‍ഷാ നടിയെ ആക്രമിച്ച കേസിലെ പ്രതിയല്ലെന്നും ചില വസ്തുതകളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് അന്വേഷണസംഘം മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടതെന്നും പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി മുമ്പാകെ നിലപാട് വ്യക്തമാക്കിയിരുന്നു.

ഈ ഘട്ടത്തില്‍ അറസ്റ്റ് ഉദ്ദേശിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് 18ന് തിങ്കളാഴ്ചത്തേക്ക് ഹൈക്കോടതി മാറ്റിവച്ചിരിക്കുകയാണ്.



Sharing is Caring