പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് മൂന്നാറില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിക്കണമെന്ന് നിയമസഭയുടെ പരിസ്ഥിതി സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഇപ്പോള്‍ നിര്‍മാണം നടന്നു വരുന്ന കെട്ടിടങ്ങളുടെ എല്ലാ നടപടികളും നിറുത്തിവയ്ക്കാനും സമിതി നിര്‍ദേശിച്ചു.
അനുവദിനീയമല്ലാത്ത ഉയരത്തിലുള്ള വാണിജ്യ സ്ഥാപനങ്ങളുടെ നിര്‍മാണവും അടിയന്തരമായി നിറുത്തണം. വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പട്ടയങ്ങള്‍ റദ്ദാക്കണം. കാര്‍ഷിക ആവശ്യത്തിനുള്ള ഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അവയുടെ പട്ടയവും റദ്ദാക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തു. വലിയ ഉയരത്തിലുള്ള കെട്ടിടങ്ങള്‍ക്ക് പരിസ്ഥിതി അനുമതി നല്‍കുന്നതിന് പരിസ്ഥിതി പരിപാലന അതോറിറ്റി രൂപീകരിക്കണം.
അതോറിറ്റി രൂപീകരിക്കുന്നത് വരെ കെട്ടിടങ്ങളുടെ നിര്‍മാണം നിറുത്തണമെന്നും സമിതി ആവശ്യപ്പെട്ടു.














