കോഴിക്കോട്: മുന്‍ അഡ്വക്കറ്റ് ജനറല്‍ എം. രത്‌നസിംഗ് (92) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രയിലായിരുന്നു അന്ത്യം. ക്രിമിനല്‍ നിയമത്തിലും ഭരണഘടനാ കാര്യങ്ങളിലും വിദഗ്ദനായിരുന്നു.അഡ്വക്കറ്റ് ജനറലായിരുന്ന എം.രത്നസിങ് കേരളത്തിലെ അഭിഭാഷകരുടെ കുലപതിയായിരുന്ന കെ.കുഞ്ഞിരാമമേനോന്റെ ശിഷ്യനാണ്. സിവില്‍-ക്രിമിനല്‍ നിയമശാഖകളില്‍ പ്രാവീണ്യം നേടിയ അദ്ദേഹം 1953ലാണ് അഭിഭാഷകനായി എന്റോള്‍ ചെയ്തത്.
തലശ്ശേരി സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ്, കോഴിക്കോട് സെന്റ് ജോസഫ്സ് സ്കൂള്‍, വടകര ബി.ഇ.എം.ഹൈസ്കൂള്‍, ക്രിസ്ത്യന്‍ കോളേജ് സ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം.
മദ്രാസ് പച്ചയാപ്പാസ് കോളേജിലെ ബിരുദത്തിന് ശേഷം എറണാകുളം ലോ കോളേജില്‍ നിയമപഠനത്തിന് ചേര്‍ന്നു.

കുഞ്ഞിരാമമേനോന്റെ ജൂനിയറായി പ്രാക്ടീസ് ആരംഭിച്ച രത്നസിങ് രണ്ടുവര്‍ഷത്തിന് ശേഷം സ്വതന്ത്ര്യ പ്രാക്ടീസ് ആരംഭിച്ചു. തലശ്ശേരി-പുല്‍പ്പള്ളി നക്സലൈറ്റ് കേസ്, ചീമേനി കൊലക്കേസ്, രാജന്‍ കേസ് എന്നിവയില്‍ പ്രതികള്‍ക്ക് വേണ്ടിയും സി.ബി.ഐ ചാര്‍ജ്ജ് ചെയ്ത സോമന്‍ കേസ് ഉള്‍പ്പെടെ നാല് കൊലക്കേസുകളില്‍ പ്രോസിക്യൂഷന് വേണ്ടിയും ഹാജരായി. 1974-77 വരെ ഹൈക്കോടതിയില്‍ സീനിയര്‍ സെന്‍ട്രല്‍ ഗവര്‍മെന്റ് സ്റ്റാന്റിങ് കൗണ്‍സലായും 1991-96ല്‍ സംസ്ഥാന പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറലായും സേവനമനുഷ്ഠിച്ചു.
1991ല്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ചിരുന്നു.













