നിയമം ലംഘിച്ചു താമസം 3 ഹോട്ടലുകള്‍ അടച്ചുപൂട്ടി

കാസര്‍കോട് : കാസര്‍കോട്ടെ മൂന്ന് ഹോട്ടലുകള്‍ ഒരാഴ്ചത്തേക്ക് അടച്ചു പൂട്ടി അണുവിമുക്തമാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു ഉത്തരവിട്ടു. കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് നടപടി. കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങി കര്‍ണാടകയിലെ മംഗലാപുരത്തേക്ക് പോകേണ്ട ഇതരസംസ്ഥാനക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി കാസര്‍കോട് താമസിപ്പിച്ച പഴയ ബസ് സ്റ്റാന്‍ഡില്‍ ഹെഡ് പോസ്റ്റ് ഓഫീസിന് എതിര്‍വശത്തുള്ള ദേര സിറ്റി ഹോട്ടല്‍, എമിറേറ്റ്സ് ഹോട്ടല്‍, കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ സെഞ്ച്വറി പാര്‍ക്ക് ഹോട്ടല്‍ എന്നിവയാണ് ഏഴു ദിവസത്തേക്ക് അടച്ചിടാന്‍ ഉത്തരവായത്. ആരോഗ്യ വകുപ്പിനെയോ മറ്റ് ബന്ധപ്പെട്ടവരെയോ അറിയിക്കാതെയാണ് ഇവര്‍ ഹോട്ടലില്‍ താമസിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.
149 പേരെയാണ് അനുമതി ഇല്ലാതെ ഇവിടെ പാര്‍പ്പിച്ചിരുന്നത്. സന്നദ്ധ സംഘടന ചാര്‍ട്ടേഡ് വിമാനത്തില്‍ കൊണ്ടുവന്ന പ്രവാസികള്‍ കയറിയ വിമാനത്തിന് മംഗളുരു വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി കിട്ടിയിരുന്നില്ല. ഇതേ തുടര്‍ന്ന് കണ്ണൂരില്‍ ഇറക്കുകയായിരുന്നു. ജില്ലാ പഞ്ചായത്ത്‌ അംഗം ഹര്‍ഷാദ് വോര്‍ക്കാടി, ഗോള്‍ഡന്‍ അബ്ദുള്‍ റഹ്‌മാന്‍ എന്നിവര്‍ ഇടപെട്ടു കാസര്‍കോട് തഹസില്‍ദാറെ ബന്ധപ്പെട്ടാണ് ലോഡ്ജുകളില്‍ തമാസ സൗകര്യം ഒരുക്കിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കാസര്‍കോട് ടൗണിലെ രഹസ്യാന്വേഷണ വിഭാഗമാണ് ഇക്കാര്യം ജില്ലാ പൊലീസ് ചീഫ് ഡി. ശില്പയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. എസ്.പി ജില്ലാ കളക്ടറെ അറിയിച്ചതു പ്രകാരമാണ് നടപടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *