നിതിന്‍ ഗഡ്കരിയെ അഴിമതിക്കാരന്‍ എന്ന് വിളിച്ച്‌ സംഭവം; കെജ്രിവാള്‍ മാപ്പ് പറഞ്ഞു


ദില്ലി: നിതിന്‍ ഗഡ്കരിയെ അഴിമതിക്കാരന്‍ എന്ന് വിളിച്ച സംഭവത്തില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മാപ്പ് പറഞ്ഞു. കോടതി നടപടി ഒഴിവാക്കാനാണ് കെജ്രിവാള്‍ ഗഡ്കരിയോട് മാപ്പ് പറഞ്ഞത്. രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരനായ രാഷ്ട്രീയ പ്രവര്‍ത്തകനാണ് നിതിന്‍ ഗഡ്കരി എന്നാണ് കെജ്രിവാള്‍ പറഞ്ഞത്.


തുടര്‍ന്ന് ഗഡ്കരി മാനനഷ്ടകേസ് നല്‍കുകയായിരുന്നു. ഇതില്‍ കോടതി നടപടി ഒഴിവാക്കാനാണ് നിതിന്‍ ഗഡ്കരിക്ക് കത്തെഴുതിയിരിക്കുന്നത്. എനിക്ക് വ്യക്തിപരമായി നിങ്ങളോട് യാതൊരു വിധത്തിലുള്ള ശത്രുതയും ഇല്ല. പറഞ്ഞ കാര്യങ്ങളില്‍ പശ്ചാത്തപിക്കുന്നതായും കെജ്രിവാള്‍ പറഞ്ഞു.


കെജ്രിവാളും നിതിന്‍ ഗഡ്കരിയും കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് പാട്യാല കോടതിയില്‍ സംയുക്തമായി അപേക്ഷ സമര്‍പ്പിച്ചു. നിലവില്‍ കെജ്രിവാളിനെതിരെ 33 അപകീര്‍ത്തി കേസുകള്‍ നിലനില്‍ക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പഞ്ചാബിലെ മുന്‍ മന്ത്രിയായ ബിക്രം സിംഗ് മജീദിയയോടും കെജ്രിവാള്‍ മാപ്പ് ചോദിച്ചിരുന്നു. മജീദിയയ്ക്ക് മയക്കു മരുന്ന് ഇടപാടുകാരുമായി ബന്ധമുണ്ടെന്നായിരുന്നു അരവിന്ദ് കെജ്രിവാള്‍ ആരോപണം ഉന്നയിച്ചത്. എന്നാല്‍ കെജ്രിവാളിനെതിരെ മജീദിയ മാനനഷ്ടക്കേസ് നല്‍കി. തുടര്‍ന്നാണ് കോടതിയില്‍ മാപ്പ് അപേക്ഷിച്ച്‌ കെജ്രിവാള്‍ കത്ത് നല്‍കിയത്. കെജ്രിവാള്‍ മാപ്പ് പറഞ്ഞതോടെ മജീദിയ കേസ് പിന്‍വലിച്ചു.



Sharing is Caring