നികുതി ദായകര്‍ക്ക് സന്തോഷവാര്‍ത്ത; ടാക്സ് റിട്ടേണില്‍ ചെറിയ ഏറ്റക്കുറച്ചിലുകള്‍ ഇനി കാര്യമാക്കില്ല

ദില്ലി: ഇന്‍കംടാക്സ് റിട്ടേണും, ബാങ്കുകളില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന കണക്കുകളും ഒത്തുനോക്കുമ്ബോള്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ നികുതിദായകര്‍ക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കില്ലെന്ന് സിബിഡിടി. തൊഴില്‍ദാതാവ് നല്‍കുന്ന ഫോം 16-നും, ടാക്സ് വകുപ്പിന് ലഭിക്കുന്ന ഫോം 26എഎസും തമ്മില്‍ ചെറിയ വ്യതിയാനങ്ങള്‍ ഉണ്ടെങ്കില്‍ കാര്യമാക്കേണ്ടെന്നാണ് ഫിനാന്‍സ് ബില്‍ അനുശാസിക്കുന്നത്.

ചെറിയ, സാലറീഡ് ക്ലാസ് നികുതിദായകര്‍ക്ക് ആശ്വാസം നല്‍കുന്ന നീക്കമാണിത്. ചെറിയ വ്യതിയാനങ്ങള്‍ കാര്യമാക്കുന്നില്ലെന്നും നോട്ടീസുകള്‍ അയയ്ക്കേണ്ടതില്ലെന്നുമാണ് പുതിയ നയം. നികുതിദായകരെ വിശ്വാസത്തില്‍ എടുത്ത് കൊണ്ട് നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നത് അനായാസമാക്കുകയാണ് ഉദ്ദേശമെന്ന് സിബിഡിടി ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര വ്യക്തമാക്കി. ഏപ്രില്‍ 1 മുതല്‍ ആരംഭിക്കുന്ന സാമ്ബത്തിക വര്‍ഷത്തേക്കാണ് ഈ സൗകര്യം ലഭിക്കുക.

ബെംഗളുരുവില്‍ സ്ഥിതി ചെയ്യുന്ന ഐടി വകുപ്പിന്റെ സെന്‍ഡ്രല്‍ പ്രൊസസിംഗ് സെന്ററാണ് ഡിമാന്‍ഡ് നോട്ടീസുകള്‍ അയച്ചിരുന്നത്. എന്നാല്‍ വ്യത്യാസം ഉയര്‍ന്നതാണെങ്കില്‍, എന്തെങ്കിലും വെട്ടിപ്പ് നടന്നതായി സംശയം തോന്നിയാല്‍ അത്തരം കേസുകള്‍ വിശദമായ പരിശോധനയ്ക്ക് എടുക്കും. പലപ്പോഴും ചെറിയ വ്യത്യാസങ്ങളുടെ പേരില്‍ ടാക്സ് വകുപ്പും നികുതിദായകനും തമ്മിലുള്ള നൂറുകണക്കിന് കേസുകള്‍ കെട്ടിക്കിടക്കും. ഇതോടെയാണ് ഇളവ് നല്‍കണമെന്ന് ടാക്സ് വകുപ്പ് ധനമന്ത്രാലയത്തിന് മുന്നില്‍ നിര്‍ദ്ദേശം വെയ്ക്കുന്നത്. പല കേസുകളില്‍ കൃത്യമായ കാരണങ്ങള്‍ ഉള്ളതിനാലാണ് നിലവിലെ രീതി മാറ്റാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *