നാളികേര വികസന ബോർഡിലെ രാഷ്ട്രീയ നിയമനം കോർപ്പറേറ്റുകളെ സഹായിക്കാൻ- കെ. സുധാകരൻ

നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് രാഷ്ട്രീയ നിയമനം നടത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരേ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. കഴിഞ്ഞ ദിവസം പെഗസസ് ഫോൺ ചോർത്തൽ വിഷയത്തിൽ സഭയിൽ പ്രതിപക്ഷ പ്രതിഷേധം കത്തുന്നതിനിടയിലാണ് നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് രാഷ്ട്രീയ നിയമനം നടത്താനുള്ള ബിൽ കേന്ദ്ര സർക്കാർ പാസാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. നാളികേര വികസന ബോർഡിനെ കാവിവൽക്കരിക്കുന്നത് കേരളത്തിലെ കേര കർഷകരെ സംബന്ധിച്ച് വലിയ ആശങ്ക ഉയർത്തുന്നതാണെന്ന് കെ. സുധാകരൻ പറഞ്ഞു. സഹകരണ പ്രസ്ഥാനങ്ങളെ അക്രമത്തിലൂടെയും അനധികൃത ഭരണകൂട ഇടപെടലുകളിലൂടയും പിടിച്ചെടുത്ത് കൊള്ള നടത്തുകയാണ് ഫാഷിസ്റ്റ് ഭരണകൂടമെന്ന് അദ്ദേഹം ആരോപിച്ചു.

കേരളത്തിൽ ഭരണകൂട ഇടപെടലിലൂടെ മിൽമ ഭരണം പിടിച്ചെടുത്തപ്പോൾ പാർലമെന്റിൽ കേര വികസന ബോർഡ് രാഷ്ട്രീയ നിയമനത്തിലൂടെ പിടിച്ചെടുക്കാൻ വഴിയൊരുക്കുകയാണ് ബിജെപി ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് വൻ കർഷക പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ തന്നെ കർഷകരെ സഹായിക്കാൻ ലക്ഷ്യമിട്ട് സ്ഥാപിച്ച സംവിധാനങ്ങൾ പിടിച്ചെടുക്കുന്നത് ഭരണകൂട ഭീകരതയാണെന്നും ഇതിനെ കോൺഗ്രസ് സാധ്യമായ എല്ലാ രീതിയിലും പ്രതിരോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *