നാട്ടങ്കത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് റൈസിങ് പൂനെ സൂപ്പര്‍ജയ്ന്റ് ഐ.പി.എല്‍ പത്താം സീസണിന്റെ ഫൈനലിലേക്ക് മുന്നേറി. 20 റണ്‍സിനാണ് പൂനെയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത പൂനെ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെന്ന ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്തി.
വിജയം തേടിയിറങ്ങിയ മുംബൈയുടെ പോരാട്ടം 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സില്‍ അവസാനിച്ചു. ഓപണര്‍ പാര്‍ഥിവ് പട്ടേലൊഴികെ മുംബൈയുടെ ഒരു ബാറ്റ്സ്മാനും പിടിച്ചു നില്‍ക്കാനുള്ള ആര്‍ജവം കാണിച്ചില്ല. പാര്‍ഥിവ് 40 പന്തില്‍ മൂന്ന് വീതം സിക്സും ഫോറും പറത്തി 52 റണ്‍സ് കണ്ടെത്തി. പൂനെ നിരയില്‍ നാലോവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി വാഷിങ്ടന്‍ സുന്ദര്‍ മികച്ച ബൗളിങ് പുറത്തെടുത്തു.
ശാര്‍ദുല്‍ താക്കൂര്‍ മൂന്നും ഫെര്ഗൂസന്, ഉനദ്കട് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. തോറ്റെങ്കിലും മുബൈക്ക് ഇന്ന് നടക്കുന്ന ഹൈദരാബാദ്- കൊല്‍ക്കത്ത മത്സരത്തിലെ വിജയികളുമായി ഏറ്റമുട്ടാന്‍ ഒരവസരം കൂടിയുണ്ട്.
ടോസ് നേടി മുംബൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ വീണ് പതറിയ പൂനെയെ ഓപണര്‍ അജിന്‍ക്യ രഹാനെ (43 പന്തില്‍ 56), നാലാമനായി ഇറങ്ങിയ മനോജ് തിവാരി (48 പന്തില്‍ 58) എന്നിവരുടെ അര്‍ധ ശതകങ്ങളാണ് പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. അഞ്ചാമനായി ക്രീസിലെത്തി പുറത്താകാതെ 26 പന്തില്‍ 40 റണ്‍സ് വാരിയ മുന്‍ നായകന് മഹേന്ദ്ര സിങ് ധോണിയുടെ മിന്നലടികള്‍ സ്കോര്‍ 160 കടത്തി.
അഞ്ച് കൂറ്റന്‍ സിക്സറുകളാണ് ധോണിയുടെ ബാറ്റില്‍ നിന്ന് പിറന്നത്. ഓപണര്‍ ത്രിപതി പൂജ്യം റണ്‍സിലും നായകന് സ്മിത്ത് ഒരു റണ്‍സെടുത്തും പുറത്തായി. രഹാനെ അഞ്ച് ഫോറും ഒരു സിക്സും തൂക്കിയാണ് അര്‍ധ ശതകം കടന്നത്. മനോജ് തിവാരി നാല് ഫോറും രണ്ട് സിക്സും പറത്തി. മക്ലനാഗന്‍ എറിഞ്ഞ 19ാം ഓവറിലും ബുമ്റ എറിഞ്ഞ 20ാം ഓവറിലും രണ്ട് വീതം സിക്സറുകള്‍ പറത്തിയാണ് ധോണി പൂനെയെ മികവിലേക്കുയര്‍ത്തിയത്.
മുംബൈയ്ക്കായി മക്ലനാഗന്‍, മലിംഗ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.













