നാഗാലാന്റില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ ബോംബാക്രമണം, ഒരാള്‍ക്ക് പരിക്ക്

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന നാഗാലാന്‍ഡില്‍ ബോംബാക്രമണം. സംസ്ഥാനത്തെ മൊന്‍ ജില്ലയിലാണ് ആക്രമണം. ടിസിത്തിലെ ഒരു പോളിങ് ബൂത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇതില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇത് മാറ്റി നിര്‍ത്തിയാല്‍ പോളിംഗ് പൊതുവെ സമാധാനപരമായാണ് നടക്കുന്നത്.

നാഗാലാന്റിന് പുറമേ മേഘാലയിലും വോട്ടിംഗ് പുരോഗമിക്കുകയാണ്. മേഘാലയ രാഷ്ട്രീയത്തിന്റെ ഗതിനിര്‍ണയിക്കുക പതിവുപോലെ പ്രാദേശിക പാര്‍ട്ടികളായിരിക്കും. രാഷ്ട്രീയ അനിശ്ചിതാവസ്ഥയുള്ള മേഘാലയയില്‍ കഴിഞ്ഞ കുറെക്കാലമായി പ്രാദേശിക പാര്‍ട്ടികളും സ്വതന്ത്രരുമാണ് ആര് ഭരിക്കണമെന്നു നിര്‍ണ്ണയിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിലുണ്ടായ തിരിച്ചടി മറികടക്കുകയെന്ന ലക്ഷ്യവുമായാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഭരണത്തിലുള്ള മേഘാലയ നഷ്ടമായാല്‍ അത് കോണ്‍ഗ്രസിനും പുതിയതായി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത രാഹുല്‍ ഗാന്ധിക്കും കനത്ത തിരിച്ചടിയാകും. അതിനാല്‍ കോണ്‍ഗ്രസിന് മേഘാലയിലെ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്.

അതേസമയം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മേഘാലയയിലും നാഗാലാന്‍ഡിലും സ്വാധീനമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *