നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ചവര്‍ക്കും അതിന് പ്രേരിപ്പിച്ചവര്‍ക്കും ‘ചികിത്സ’ ആവശ്യമെന്ന് കളക്ടര്‍ ബ്രോ


നവജാത ശിശുവിന് പിതാവ് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി കോഴിക്കോട് കളക്ടര്‍ എന്‍. പ്രശാന്ത്. നവജാത ശിശുവിനെ പട്ടിണിക്കിട്ടവര്‍ക്കും അതിന് പ്രേരണ നല്‍കിയവര്‍ക്കും ചികിത്സ ആവശ്യമാണെന്ന് കളക്ടര്‍ പറഞ്ഞു. മനുഷ്യ നന്മയ്ക്കും നല്ലതിനുമാകണം വിശ്വാസം. അത് എന്തിന്‍റെ പേരിലായാലും നവജാത ശിശുവിനെ പട്ടിണിക്കിടാന്‍ ഒരു മതവും പറയുമെന്ന് കരുതുന്നില്ലെന്നും കളക്ടര്‍ പറഞ്ഞു.
സംഭവത്തില്‍ നിയമപരമായ നടപടികളില്‍ വിട്ടുവീഴ്ച പാടില്ലെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. വിഷയത്തില്‍ ഇടപെട്ട താമരശേരി ഡി.വൈ.എസ്.പിക്കും മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നതായും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.


മുക്കത്തെ ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചതിരിഞ്ഞ് ജനിച്ച നവജാത ശിശുവിനാണ് പിതാവ് മുലപ്പാല്‍ നിഷേധിച്ചത്.
പ്രസവിച്ച്‌ അല്‍പ്പ സമയത്തിനകം കുട്ടിക്ക് പാല് കൊടുക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ അഞ്ച് ബാങ്ക് വിളിക്കാതെ മുലപ്പാല്‍ കൊടുക്കാന്‍ അനുവദിക്കില്ലെന്ന് കുട്ടിയുടെ പിതാവ് വാശിപിടിച്ചു. മുലപ്പാല് നല്‍കാതിരിക്കുന്നത് കുട്ടിയുടെ ആരോഗ്യനില വഷളാക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞുവെങ്കിലും ഇയാള്‍ വഴങ്ങിയില്ല. ഇന്ന് ഉച്ചയോടെയാണ് കുട്ടിക്ക് മുലപ്പാല്‍ നല്‍കിയത്.




Sharing is Caring