നവംബര്‍ എട്ടിന് ശേഷം നടന്നത് നാലുലക്ഷം കോടിയുടെ കള്ളപ്പണ നിക്ഷേപം

നോട്ട് അസാധുവാക്കലിന് ശേഷം കണക്കിൽപ്പെടാത്ത നാല് ലക്ഷത്തോളം കോടി രൂപ ബാങ്കുകളിൽ നിക്ഷേപമായി എത്തിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തി.മൂന്നു ലക്ഷത്തിനും നാല് ലക്ഷം കോടിക്കും ഇടയിലുള്ള സംഖ്യ ബാങ്കുകളിൽ എത്തിയതായാണ് പ്രാഥമിക കണക്ക്.60 ലക്ഷം ബാങ്ക് അക്കൗണ്ടിലായി രണ്ട് ലക്ഷത്തിലധികം രൂപയുടെ വീതം നിക്ഷേപം വന്നു.

നിഷ്‌ക്രിയ അക്കൗണ്ടുകളിൾ 25,000 കോടി രൂപ നിക്ഷേപിക്കപ്പെട്ടു. നവംബർ എട്ടിന് ശേഷം വായ്പ തിരിച്ചടവായി 80,000 കോടി രൂപയും ബാങ്കുകളിലെത്തി. വിവിധ സഹകരണ ബാങ്കുകളിലായി എത്തിയ 16000 കോടി രൂപയുടെ ഉറവിടവും അന്വേഷിക്കും .പ്രാഥമികമായി നടത്തിയ പരിശോധനയിലാണ് ഇത്രയും തുകയുടെ കള്ളപ്പണം ബാങ്കിലെത്തിയതായി ആദായനികുതി വകുപ്പ് പറയുന്നത്. ഈ നിക്ഷേപങ്ങളെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും വകുപ്പ് പറയുന്നു

അതേസമയം കള്ളപ്പണം വെളുപ്പിച്ച് നൽകിയെന്ന കണ്ടെത്തലുകളെത്തുടർന്ന് സഹകരണ ബാങ്കുകളിൽ ആദായ നികുതി വകുപ്പ് പിടിമുറുക്കിത്തുടങ്ങി. കേരളത്തിൽ മാത്രമല്ല മിക്കയിടങ്ങളിലും ഇങ്ങനെ ചെയ്തിട്ടുണ്ടെന്നാണ് സൂചന. ദൽഹിയിലും മുംബൈയിലും വിവിധ സഹകരണ ബാങ്കുകളിൽ ആദായ നികുതി വകുപ്പ് പരിശോധന തുടങ്ങി.

സഹ. ബാങ്കുകൾക്കു മേൽ നിയന്ത്രണമില്ലാത്തതാണ് ഇതിനു കാരണമെന്നാണ് ആദായനികുതി വകുപ്പിന്റെ വിലയിരുത്തൽ. ദൽഹി ദരിയാഗഞ്ജ് സഹകരണ ബാങ്കിൽ 1200 ബിനാമി അക്കൗണ്ടുകൾ തുറന്ന് 120 കോടി രൂപ നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമേ 3.2 കോടിയുടെ പഴയനോട്ട് മാറി പുതിയ നോട്ടും നൽകിയിട്ടുണ്ട്. ബാങ്ക് ഉദ്യോഗസഥരും ഡയറക്ടർ ബോർഡംഗങ്ങളും ചേർന്നാണ് തട്ടിപ്പിന് സഹായം നൽകിയത്.

നോട്ട് അസാധുവാക്കലിനു ശേഷം മുംബൈയിലെ ഒരു ജില്ലാ സഹകരണ ബാങ്കിൽ 1400 കോടി രൂപയുടെ നിക്ഷേപം എത്തിയിട്ടുണ്ടെന്നായിരുന്നു ബാങ്ക് അധികൃതർ നൽകിയ കണക്ക്. എന്നാൽ 900 കോടി മാത്രമാണ് നിക്ഷേപിച്ചതെന്നും 500 കോടി ലഭിച്ചതായി വെറുതേ കണക്ക് നൽകിയ ശേഷം പിന്നീട് കള്ളപ്പണം അതിന്റെ മറവിൽ മാറ്റി നൽകുകയായിരുന്നുവെന്നും പരിശോധനയിൽ കണ്ടെത്തി.

രാജ്യത്തെ ആയിരക്കണക്കിന് സഹകരണ ബാങ്കുകൾ ആദായ നികുതി വകുപ്പിന്റെയും എൻഫോഴ്‌സ്‌മെൻറിന്റെയും സിബിഐയുടേയും നിരീക്ഷണത്തിലാണ്. ആദായ നികുതി വകുപ്പാണ് സംസ്ഥാന സഹകരണ ബാങ്കുകൾ പരിശോധിക്കുക. സിബിഐ അർബൻ ബാങ്കുകളും എൻഫോഴ്‌സ്‌മെൻറ് ജില്ലാ സഹകരണബാങ്കുകളും. നോട്ട് അസാധുവാക്കലിനു ശേഷം സഹകരണ ബാങ്കുകളിൽ തുടങ്ങിയ മിക്ക അക്കൗണ്ടുകളും ബിനാമികളാണെന്നാണ് സംശയം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *