ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട നര്‍സിങ് യാദവിന്റെ ഒളിംപിക് പങ്കാളിത്തതില്‍ അന്തിമ തീരുമാനമായില്ല. താരത്തിന്റെ വാദത്തില്‍ അന്തിമ വിധിക്കായി ചേര്‍ന്ന നാഡയുടെ കമ്മിറ്റി ഇന്നലെ തീരുമാനമാവാതെ പിരിഞ്ഞു. തിങ്കാഴ്ച്ച അന്തിമ വിധി പ്രഖ്യാപിക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ഞായറാഴ്ച്ച വിധി പ്രഖ്യാപിക്കുമെന്നും അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്. രണ്ടു ദിവസം നീണ്ട വാദത്തില്‍ നാഡയിലെ അംഗങ്ങള്‍ക്കിടയില്‍ താരത്തിനെ വിലക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സാധിച്ചില്ല.
തനിക്കെതിരേയുള്ള നീക്കങ്ങള്‍ ഗുഢാലോചനയുടെ ഭാഗമായിട്ടാണെന്നും തന്റെ ഭക്ഷണത്തില്‍ മരുന്ന് ചേര്‍ത്തിട്ടുമുണ്ടെന്നാണ് നര്‍സിങിന്റെ വാദം. ഇതിനെതിരേ നാഡയുടെ നിയമ വിഭാഗം വാദിച്ചിട്ടുണ്ട്. നര്‍സിങിന്റെ വിഷയത്തില്‍ വാദം പൂര്‍ത്തിയാക്കി. വിധി ഞായറാഴ്ച്ചയോ തിങ്കളാഴ്ച്ചയോ പ്രഖ്യാപിച്ചേക്കുമെന്ന് നാഡയുടെ അഭിഭാഷകന്‍ ഗൗരാങ് കാന്ത് പറഞ്ഞു. നര്‍സിങ് ആവശ്യപ്പെടുന്ന പോലെ അദ്ദേഹത്തെ കുറ്റവിമുക്തനാക്കാന്‍ സാധിക്കില്ലെന്നാണ് നാഡ അറിയിച്ചിരിക്കുന്നത്. നര്‍സിങിന് ആരോപണമുന്നയിച്ച വിഷയത്തില്‍ കാര്യമായ തെളിവുകള്‍ നല്‍കാന്‍ സാധിച്ചിട്ടില്ല.














